തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കൊവിഡ് കർമ്മ പദ്ധതിയിലെ സിൻഡ്രോമിക് മാനേജ്മെന്‍റ് നടപ്പാക്കാൻ തീരുമാനം. ഇന്നുമുതൽ രോഗലക്ഷണമുള്ളവരെയെല്ലാം പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കും. രോഗവ്യാപനം അതിതീവ്രമായതോടെയാണ് ജില്ലയെ സി കാറ്റഗറിയിലേക്ക് മാറ്റിയിരുന്നു. പരിശോധിച്ച രണ്ടിലൊരാൾ പോസീറ്റിവാകുന്ന ഗുരുതര സാഹചര്യമാണ് ജില്ലയിൽ.
പരിശോധനകളുടെയും ടിപിആറിന്‍റെയും പ്രസക്തി കഴിഞ്ഞ ഘട്ടത്തിലാണ് കർമ്മ പദ്ധതിയില നിർദേശ പ്രകാരം സിൻഡ്രോമിക് മാനേജ്‌മെന്‍റ് നടപ്പാക്കുന്നത്. ഇനി മുതൽ രോഗലക്ഷണങ്ങളുള്ളയാളുകൾ പരിശോധിച്ച് പോസീറ്റിവ് സ്ഥിരീകരിക്കണമെന്ന് നിർബന്ധമില്ല. പരിശോധന കൂടാതെ തന്നെ പോസീറ്റിവായി കണക്കാക്കും.
ഐസോലേഷനടക്കമുള്ള കാര്യങ്ങൾ ഇവർ നിർബന്ധമായും പാലിക്കണം. രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് പരിശോധയിൽ മുൻഗണന നൽകി ചികിത്സ നൽകാനും കർമ്മ പദ്ധതിയിൽ നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ സി.എഫ്.എൽ.ടി.സികൾ തുറക്കാനും ഫീൽഡ് ആശുപത്രികൾ ശക്തമാക്കാനും നിർദേശമുണ്ട്.
സിൻഡ്രോമിക് മാനാജ്മെന്‍റിന്‍റെ പ്രധാന നിർദ്ദേശങ്ങൾ
- ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധിച്ച് സ്ഥിരീകരിക്കാതെ തന്നെ പോസിറ്റിവായി കണക്കാക്കണം
- പരിശോധിക്കാതെ തന്നെ 7 ദിവസം കൃത്യമായ ഐസോലേഷൻ പാലിക്കണം
- പരിശോധന ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക്. ലക്ഷ്യം ഈ വിഭാഗത്തിന് വേഗത്തിൽ ചികിത്സ നൽകാൻ ക്ലസ്റ്ററുകളും മൈക്രോ കണ്ടെയിൻമെന്‍റ് സോണുകളും തിരിച്ചറിഞ്ഞ് പ്രതിരോധത്തിന് ഊന്നൽ നൽകും.
- താലൂക്കാശുപത്രികൾ മുതൽ മെഡിക്കൽ കോളജ് ഹോസ്പിറ്റലുകൾ വരെ കൊവിഡിനായി പ്രത്യേകം കിടക്കകൾ
- സർക്കാരാശുപത്രികൾ ശേഷിയുടെ 70 ശതമാനം പിന്നിട്ടാൽ ചികിത്സ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റും. ഓക്‌സിജൻ വാർ റൂം ക്രമീകരിക്കാനും തീരുമാനമായിട്ടുണ്ട്.
- കൂടുതൽ സി.എസ്.എൽ.ടി.സികൾ തുറക്കാനും ഫീൽഡ് ആശുപത്രികൾ ശക്തമാക്കാനും നിർദേശമുണ്ട്
ALSO READ: മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഗവർണർ അയഞ്ഞു; സർവകലാശാല ഫയലുകൾ വീണ്ടും നോക്കി തുടങ്ങി
സി കാറ്റഗറിയിൽ തലസ്ഥാന ജില്ലയെ ഉൾപ്പെടുത്തിയതോടെ കർശന നിയന്ത്രണങ്ങളും പ്രാബല്യത്തിൽ വന്നു. ഒരുതരത്തിലുള്ള ആൾക്കൂട്ടവും പാടില്ലെന്നാണ് നിർദ്ദേശം. തീയേറ്ററുകളും ജിംനേഷ്യങ്ങളും നീന്തൽക്കുളങ്ങളുമടക്കം അടച്ചിടും. ആരാധനാലയങ്ങളിലെ ചടങ്ങുകൾ ഓൺലൈനായി നടത്തണം.
പത്ത്, പന്ത്രണ്ട്, ബിരുദ, ബിരുദാന്തര കോഴ്സുകളുടെ അവസാനവർഷമൊഴികെ എല്ലാ ക്ലാസുകളും ഓൺലൈനാക്കും. വിവാഹ മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം.