തിരുവനന്തപുരം : താന്‍ ജയിലിലായിരുന്നപ്പോള്‍ തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണത്തിന്‍റെ മുനയൊടിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്. യുഎഇ കോണ്‍സുല്‍ ജനറല്‍ തന്നെ കാണാന്‍ ക്ലിഫ് ഹൗസില്‍ വന്നപ്പോഴൊക്കെ അദ്ദേഹത്തിന്‍റെ സെക്രട്ടറി എന്ന നിലയില്‍ സ്വപ്‌ന സുരേഷും ഒപ്പമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുന്ന വീഡിയോ അദ്ദേഹത്തിന്‍റെ ഓഫിസ് പുറത്തുവിട്ടു. യുഎഇ കോണ്‍സുല്‍ ജനറലിന്‍റെ സെക്രട്ടറിയെന്ന നിലയിലാണ് സ്വപ്‍ന സുരേഷിനെ പരിചയമെന്നും വീഡിയോയില്‍ മുഖ്യമന്ത്രി പറയുന്നു.
2020 ഒക്ടോബര്‍ 13ന് ഓണ്‍ലൈനായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരു സംസ്ഥാനത്തെ കോണ്‍സുല്‍ ജനറല്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നതില്‍ ഒരു അസാംഗത്യവും ഇല്ല. അദ്ദേഹം വരുമ്പോഴൊക്കെ സെക്രട്ടറിയും ഒപ്പമുണ്ടാകാറുണ്ട്.
സ്വപ്ന നിരവധി തവണ ഓഫിസില്‍ വന്നിട്ടുണ്ട് : മൂന്ന് നാല് വര്‍ഷമായില്ലേ താന്‍ ഈ സ്ഥാനത്തുവന്നിട്ട്. അപ്പോള്‍ അവരുടെ പരിപാടികള്‍ക്ക് ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ടും മറ്റും നിരവധി തവണ കോണ്‍സുല്‍ ജനറലും സ്വപ്‌നയും എത്തിയിട്ടുണ്ട്. ഓഫിസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കറെ ഇവര്‍ക്ക് ബന്ധപ്പെടുത്തി കൊടുത്തിട്ടുണ്ടോ എന്ന കാര്യം ഓര്‍മ്മയില്ല.
Also read: സ്വപ്ന സുരേഷിന്‍റെ ഹര്‍ജി: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
എന്നാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ ശിവശങ്കറെ ചുമതലപ്പെടുത്തിയെങ്കില്‍ അത് സ്വാഭാവികമല്ലേ എന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് ചോദിക്കുന്നുണ്ട്. താന്‍ ജയിലില്‍ കിടന്ന സമയത്ത് ഈ വിവാദ വനിതയെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നായിരുന്നു കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്വപ്‌നയുടെ ആരോപണം. മുഖ്യമന്ത്രിക്കും കുടുംബത്തിനും തന്നെ അറിയാമെന്നും ക്ലിഫ് ഹൗസിൽ ഇരുന്ന് ഒരുപാട് കാര്യങ്ങള്‍ ചർച്ച ചെയ്‌ത് തീരുമാനമെടുത്തിട്ടുണ്ടെന്നും സ്വപ്‌ന ആരോപണം ഉന്നയിച്ചിരുന്നു.