തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ സ്കൂളുകളിൽ മണി ബോക്‌സ് എന്ന ആശയം മുന്നോട്ടുവച്ച് ഒൻപതാം ക്ലാസുകാരൻ. വ്ളാത്താങ്കര വൃന്ദാവൻ ഹൈസ്കൂള്‍ വിദ്യാർഥിയായ ആർ.എ ആദർശാണ് ശ്രദ്ധ നേടുന്നത്. അതിനോടൊപ്പം ഏറ്റവും കൂടുതൽ തുക സമാഹരിക്കുന്ന സ്കൂളിന് വിശിഷ്‌ട വ്യക്തികളെ കൊണ്ട് ബഹുമതിപത്രം നൽകുക എന്ന ആശയവും മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
വിദ്യാഭ്യാസ വകുപ്പും ധനവകുപ്പും ആദർശിന്‍റെ ആശയം നടപ്പാക്കാൻ നടപടികൾ സ്വീകരിച്ചു തുടർന്ന് പരീക്ഷണാർഥം സെപ്റ്റംബർ 2 മുതൽ 6 വരെ സംസ്ഥാനത്തിലെ സ്കൂളുകളിൽ സ്ഥാപിച്ച മണി ബോക്‌സിലൂടെ രണ്ട് കോടിയിലധികം രൂപയാണ് ലഭിച്ചത്.
പ്രളയവും പ്രകൃതി ദുരന്തവും വന്നതോടെയാണ് വിദ്യാലയങ്ങളിൽ മണി ബോക്സ് സ്ഥാപിക്കുക എന്ന ആശയം ഉണ്ടായതെന്ന് ആദർശ് പറയുന്നു. കേരളത്തെ നടുക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിനു ശേഷം അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ദുരിതാശ്വസ നിധിയിലേക്ക് ആദ്യമായി പണം അയച്ചു തുടങ്ങിയത്. പിന്നീട് എല്ലാ മാസവും തന്നാൽ കഴിയുന്ന തുക ആദർശ് മണി ഓർഡറായി അയക്കുന്നുണ്ട്.
പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി സൈനിക വിമാനങ്ങളുടെ സഹായം തേടാനാകുമെന്ന ആശയം മുന്നോട്ട് വച്ച് ആദർശ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പി ടി രമേശൻ നായരുടെയും ആശയുടെയും മകനായ ആദർശ് ഇന്ത്യയിലെ മികച്ച വിദ്യാർഥിയായി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിട്ടുണ്ട്.