തിരുവനന്തപുരം: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ ശംഖുമുഖത്തെ വഴിയോര കച്ചവടക്കാരുടെ ജീവിതം ദുരിതത്തിലാക്കി ലോക്ക് ഡൗൺ. കടൽ തീരത്തിന് സമീപം കച്ചവടം നടത്തിയിരുന്ന നൂറോളം പെട്ടിക്കടകൾക്കാണ് പൂട്ടു വീണത്. ഐസ്ക്രീം, പാനി പൂരി തുടങ്ങിയവ വില്‍ക്കുന്ന ചെറിയ പെട്ടിക്കടകൾ, ചായ തട്ടുകൾ, കപ്പലണ്ടി കച്ചവടക്കാർ, കളിപ്പാട്ട വില്‍പ്പനക്കാർ എന്നിങ്ങനെയുള്ള അനേകം പേരുടെ ജീവിതമാണ് പ്രതിസന്ധിയിലായത്.
നഗരസഭയുടെ ലൈസൻസുള്ള 68 ചെറു കടകളാണ് ശംഖുമുഖത്ത് പ്രവർത്തിച്ചിരുന്നത്. എല്ലാത്തിനും പൂട്ടു വീണു. കച്ചവടക്കാർക്ക് പുറമേ ടൂറിസം മേഖലയെ ആശ്രയിച്ചു ജീവിച്ചിരുന്ന ശംഖുമുഖത്തെ അതിഥി തൊഴിലാളികളും ദുരിതത്തിലാണ്.