തിരുവനന്തപുരം: പ്രവാസികളുടെ പരിശോധനക്കും ചികിത്സയ്ക്കും ആവശ്യമായ സജീകരണങ്ങൾ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. പരിശോധനയ്ക്കുള്ള ആന്‍റി ബോഡി കിറ്റുകൾ വിമാനത്താവളങ്ങളിൽ എത്തിച്ചിട്ടുണ്ട്. പ്രത്യേക ബൂത്തുകളും തയാറായിട്ടുണ്ട്. വിമാനങ്ങളിലെത്തുന്നവർക്ക് ആന്‍റി ബോഡി ടെസ്റ്റ് പോസിറ്റീവാണെങ്കിൽ പിസിആർ ടെസ്റ്റ് നടത്തും. ആന്‍റിബോഡി ടെസ്റ്റ് നെഗറ്റീവായാലും പിന്നീട് രോഗം വന്നേക്കാം. അതിനാൽ കർശനമായ സമ്പർക്ക വിലക്ക് പാലിക്കണം.
മാസ്ക്, സാനിറ്റൈസർ ഉപയോഗവും സാമൂഹിക അകലവും കൃത്യമായി പാലിക്കണം. പ്രവാസികളെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ സന്നദ്ധ സംഘടനകൾ എത്തരുത്. പരിശോധന കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവർ ബന്ധുവീടുകൾ സന്ദർശിക്കരുത്. ഇവരുടെ വാഹനം തടഞ്ഞ് സ്വീകരണം നൽകുന്നത് ഒഴിവാക്കണം. ജൂൺ 25 മുതൽ 30 വരെ 111 ചാർട്ടേഡ് വിമാനങ്ങളും 43 വന്ദേഭാരത് മിഷൻ വിമാനങ്ങളുമാണ് എത്തുക. കൊച്ചി-കോഴിക്കോട് വിമാനത്താവളങ്ങളിലാണ് കൂടുതൽ പേരെത്തുക.വിമാനത്താവളങ്ങളിൽ ലഘു ഭക്ഷണത്തിന് കനത്ത വില ഈടാക്കുന്നത് ഒഴിവാക്കാൻ കൊച്ചി വിമാനത്താവളത്തിൽ കുറഞ്ഞ നിരക്കിൽ കുടുംബശ്രീ ലഘുഭക്ഷണം വിതരണം ചെയ്യും.