തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ പട്ടയമേള ചൊവ്വാഴ്‌ച നടക്കും. 13534 കുടുംബങ്ങള്‍ക്കാണ് ചൊവ്വാഴ്‌ച പട്ടയം ലഭിക്കുക. പതിനാല് ജില്ല കേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലുമായാണ് പട്ടയമേള നടക്കുക. 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് പട്ടയമേള.
വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കണമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്കും ഭൂമിയും വീടും ഉറപ്പുവരുത്തും. മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ പാര്‍പ്പിടം നല്‍കുമെന്നാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഭൂരഹിതര്‍ക്ക് വീടിനും ഭൂമിക്കും വേണ്ടി 10 ലക്ഷം രൂപ നല്‍കുന്ന പദ്ധതി വിപുലീകരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഒരേക്കര്‍ കൃഷിഭൂമി വീതം ലഭ്യമാക്കും. ആദിവാസികളുടെ ഭൂപ്രശ്‌ന പരിഹാരത്തിന് തരിശുഭൂമി, മിച്ച ഭൂമി, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തും. യുണീക്ക് തണ്ടപ്പേര് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതോടെ അധിക ഭൂമി കണ്ടെത്തി ഭൂരഹിതര്‍ക്ക് നല്‍കാനും ക്ഷേമപദ്ധതികളിലെ അനര്‍ഹരെ കണ്ടെത്താനും സഹായകരമാകുമെന്നുമാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍. സംസ്ഥാന, ജില്ല, താലൂക്കുതല പട്ടയമേളകള്‍ രാവില 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.
ALSO READ: സംസ്ഥാനതല പട്ടയമേള സെപ്റ്റംബർ 14ന്; വിതരണം ചെയ്യുന്നത് 13,500 പട്ടയങ്ങള്‍