തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് തെക്കൻ ജില്ലകളിൽ അകപ്പെട്ടു പോയ കെ.എസ്.ഇ.ബി ജീവനക്കാരെ കെ.എസ്.ആർ.ടി.സി ബസുകളിൽ ജോലി സ്ഥലങ്ങളിൽ എത്തിക്കാൻ തീരുമാനം. ഇതിനായി കെ.എസ്. ആർ.ടി.സി 11 ബസുകൾ വിട്ടുനൽകി. വാടക അടിസ്ഥാനത്തിലാണ് കെ.എസ്.ഇ ബിക്ക് ബസുകൾ നൽകിയത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നി ജില്ലകളിൽ അകപ്പെട്ടു പോയവരുമായി വെള്ളിയാഴ്ച രാത്രി കെ.എസ്.ആർ.ടി.സി ബസുകൾ പുറപ്പെടും. തിരുവനന്തപുരത്തു നിന്നും ഷൊർണൂർ, തിരൂർ, മഞ്ചേരി, നിലമ്പൂർ, കാസർകോഡ് എന്നിവിടങ്ങളിലേക്കാണ് പ്രത്യേകബസ് പുറപ്പെടുന്നത്. കൊല്ലത്തു നിന്ന് ശ്രീകണ്ഠാപുരം, കാസർകോഡ് എന്നിവിടങ്ങളിലേക്കും ആലപ്പുഴ നിന്ന് തിരൂരിലേക്കും പത്തനംതിട്ട നിന്ന് കല്‍പറ്റയിലേക്കും ബസ് പുറപ്പെടും.
അവശ്യ സർവീസ് എന്ന നിലയിൽ വടക്കൻ കേരളത്തിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിന് ജീവനക്കാരെ അടിയന്തരമായി അതത് സ്ഥലങ്ങളില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഊർജ സെക്രട്ടറി സർക്കാരിന് കത്തു നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പിന്‍റെ ജാഗ്രതാ നിർദേശങ്ങൾ പാലിച്ചു കൊണ്ട് യാത്ര അനുവദിക്കാൻ സർക്കാർ നിർദേശിച്ചിരുന്നു.