തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. വിചാരണ കോടതിയിൽ നിരപരാധിത്വം തെളിയിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. വിചാരണ നേരിട്ട് മുന്നോട്ട് പോകും. മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
മന്ത്രി സ്ഥാനം രാജിവയ്ക്കണം എന്നോ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നോ സുപ്രീംകോടതി പറഞ്ഞിട്ടില്ല. അത്തരത്തിൽ ഒരു പരാമർശവും കോടതി നടത്തിയിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു. നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഹർജി തള്ളിയ സുപ്രീംകോടതി നിലവിലെ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ ആറ് പ്രതികളും വിചാരണ നേരിടണമെന്നും വ്യക്തമാക്കിരുന്നു.
ഇതിന് പിന്നാലെ മന്ത്രി വി ശിവൻകുട്ടി തൽസ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. പരിപാവനമായ നിയമസഭ തല്ലി തകർക്കാൻ നേതൃത്വം നൽകിയ വ്യക്തി മന്ത്രിയായി തുടരുന്നത് നിയമവ്യവസ്ഥയ്ക്കും ധാർമികതക്കും എതിരാണെന്നും ശിവൻകുട്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
Also read: നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കാനാകില്ലെന്ന് സുപ്രീംകോടതി ; സർക്കാരിന് തിരിച്ചടി