തിരുവനന്തപുരം : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് ജൂലൈ 1 മുതല്‍ കർശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതിന്‍റെ അടിസ്ഥാനത്തിൽ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും വ്യാപകമായ പരിശോധന നടത്താന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
കോര്‍പറേഷനുകള്‍, മുന്‍സിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധനകൾ ആരംഭിച്ചത്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗവും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പരിശോധനയില്‍ പ്ലാസ്റ്റിക്/വോവണ്‍ ഉത്പന്നങ്ങളുടെ വന്‍ ശേഖരം വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് പിടികൂടി.
തെര്‍മോകോള്‍, പ്ലാസ്റ്റിക് ആവരണമുള്ള കപ്പുകള്‍, നോണ്‍ വോവണ്‍ ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക് കാരി ബാഗുകള്‍, പേപ്പര്‍ കപ്പ് എന്നിവയാണ് പിടിച്ചെടുക്കുന്നത്. ഇവ വില്‍ക്കരുതെന്നാണ് കര്‍ശന നിര്‍ദ്ദേശം. ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗം മുന്നറിയിപ്പും നല്‍കി.
എന്നാല്‍ ഇതിനെതിരെ പലയിടത്തും വ്യാപാരികളുടെ പ്രതിഷേധം ശക്തമാണ്. കൊവിഡ് കാലത്ത് ഉപയോഗിച്ച പേപ്പര്‍ കപ്പുകള്‍, പ്ലാസ്റ്റിക് പേപ്പറുകൾ എന്നിവ തട്ടുകടകളിലും ഭക്ഷണ ശാലകളിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെയും നടപടി സ്വീകരിക്കുമെന്ന് തദ്ദേശ ഭരണ വിഭാഗം ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.