തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുടെ എതിര്‍പ്പ് ഒഴിവാക്കാനായി മുഖ്യമന്ത്രി നടത്തിയ ജനസമക്ഷം വിശദീകരണ യോഗത്തില്‍ പദ്ധതിക്ക് പിന്തുണയുമായി നിരവധി പ്രമുഖര്‍. തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ക്ഷണിക്കപ്പെട്ട മാധ്യമ മേധാവികളും പൗരപ്രമുഖരുമടക്കമുള്ളവരാണ് പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി ആശയവിനിമയം നടത്തിയത്.
സംസ്ഥാനത്തിന്‍റെ വികസനത്തിന് ഏറെ ആവശ്യമായ പദ്ധതിയാണെന്നും പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാതെ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ട് വര്‍ഷത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കും. 2025ല്‍ പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി സംബന്ധിച്ച് വിശദമായ പദ്ധതിരേഖ കെ റെയില്‍ എംഡി വി അജിത്ത് കുമാര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സംസാരിച്ച വിവിധ സംഘടനകളുടെ പ്രതിനിധികളാണ് കെ റെയില്‍ പദ്ധതിക്ക് പിന്തുണയറിയിച്ചത്.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കുന്നതായി വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധി പെരിങ്ങമല രാമചന്ദ്രന്‍ വ്യക്തമാക്കി. സ്ഥലം വിട്ടു നല്‍കുന്നവര്‍ക്ക് സമയബന്ധിതമായി നഷ്‌ടപരിഹാരം ഉറപ്പാക്കിയാല്‍ എല്ലാ ആശങ്കകളും ഒഴിവാകുമെന്ന് ക്ലിമീസ് കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു. പദ്ധതിക്ക് പൂര്‍ണ പിന്തുണ ശിവഗിരിമഠത്തില്‍ നിന്നുള്ള സച്ചിതാനന്ദ സ്വാമി അറിയിച്ചു. പദ്ധതിയെ സ്വാഗതം ചെയ്യുന്നതായും ആരാധനാലയങ്ങള്‍ പൊളിച്ച് മാറ്റുന്നത് ഒഴിവാക്കണമെന്നുമായിരുന്നു പാളയം ഇമാം സുഹൈല്‍ മൗലവിയുടെ പ്രതികരണം.
എന്ത് എതിര്‍പ്പുണ്ടായാലും പദ്ധതി വേണ്ടെന്ന് വയ്ക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ പറഞ്ഞു. ജനങ്ങളുടെ സംശയം തീര്‍ക്കണം. ഇതിനായി ധവള പത്രമിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യവസായികളും ഐടി ജീവനക്കാരുടെ പ്രതിനിധികളും പദ്ധതിയെ സ്വാഗതം ചെയ്‌തു. രോഗികളെ ചികിത്സക്കായി വേഗത്തിലെത്തിക്കാന്‍ കെ റെയിലില്‍ സംവിധാനമുണ്ടാകണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദേശം മുന്നോട്ടു വച്ചു.