തിരുവനന്തപുരം: കോൺഗ്രസിലെ പൊതു തീരുമാനത്തിന് വിരുദ്ധമായി കെ റെയിലിന് അനുകൂലമായി നിലപാടെടുത്ത ശശി തരൂര്‍ എംപി നിലപാട് മയപ്പെടുത്തുകയാണെങ്കിലും കോണ്‍ഗ്രസില്‍ തരൂര്‍ വിവാദത്തിന് അറുതിയാകുന്നില്ല.
മുതിര്‍ന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും ഇന്നും തരൂരിനെതിരെ രംഗത്ത് വന്നു. പിണറായിയെ കണ്ട് പഠിക്കാന്‍ തങ്ങളില്ലെന്ന് തരൂരിന് മറുപടി നല്‍കിയ മുരളീധരന്‍ രണ്ടേ കാല്‍ വര്‍ഷം കൂടി ക്ഷമിക്കണമെന്നും ഇനിയൊരു വിശ്വപൗരനെ താങ്ങാനുള്ള ശേഷി കോണ്‍ഗ്രസിനില്ലെന്നും തുറന്നടിച്ചു.
രാവും പകലും പാര്‍ട്ടി പ്രവര്‍ത്തകര്‍ അധ്വാനിച്ചാണ് തരൂരിനെ വിജയിപ്പിച്ചതെന്നും പാര്‍ട്ടിയെ മറന്ന് തരൂര്‍ അഭിപ്രായം പറയരുതെന്നും കെപിസിസി മുന്‍ പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നും മുന്നറിയിപ്പു നല്‍കി.
മയപ്പെടുന്ന വിശ്വപൗരൻ
താന്‍ കെ റെയിലിനെ അനുകൂലിക്കുകയല്ല ചെയ്‌തതെന്നും സംഭവം വിശദമായി പഠിച്ചു കൊണ്ടിരിക്കുകയാണെന്നും ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ കത്തിന് തരൂര്‍ നല്‍കിയ മറുപടിയില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം സംതൃപ്‌തരാണെന്നാണ് സൂചന. മാത്രമല്ല ശശി തരൂരിനെപ്പോലൊരാളുടെ കാര്യത്തില്‍ എടുത്തു ചാടി നടപടികളിലേക്ക് പോകേണ്ടതില്ലെന്നാണ് ഔദ്യോഗിക നേതൃത്വത്തിന്‍റെ നിലപാട്.
അതേസമയം ആരെങ്കിലുമൊക്കെ തരൂരിനെ വിമര്‍ശിക്കുന്നെങ്കില്‍ ഇടപെടേണ്ടെന്ന തീരുമാനവും നേതൃത്വത്തിനുണ്ട്. കെപിസിസി പ്രസിഡന്‍റ് കഴിഞ്ഞ ദിവസം ശശി തരൂരിനെതിരെ ശക്തമായി രംഗത്തു വന്നതോടെയാണ് സംഭവത്തെ പാര്‍ട്ടി നേതൃത്വം നിസാരമായല്ല എടുത്തിരിക്കുന്നതെന്ന ബോധ്യം ശശി തരൂരിനും ഉണ്ടായത്.
തരൂര്‍ പാര്‍ട്ടിയിലെ ഒരു എംപി മാത്രമാണെന്നും പാര്‍ട്ടി നിലപാടിനു വിരുദ്ധമായി നീങ്ങിയാല്‍ സുധാകരനായാലും ശശിയായാലും പാര്‍ട്ടിയിലുണ്ടാകില്ലെന്ന് കടുത്ത ഭാഷയില്‍ താക്കീതുമായി സുധാകരന്‍ രംഗത്തെത്തിയതോടെയാണ് തരൂര്‍ മയപ്പെട്ടു തുടങ്ങിയത്. പെട്ടെന്ന് നിലപാട് തിരുത്തുന്നതിലെ തരൂരിന്‍റെ ബുദ്ധിമുട്ട് നേതൃത്തിനും മനസിലായിട്ടുണ്ട്. വരും ദിവസങ്ങളില്‍ തരൂര്‍ പാര്‍ട്ടിക്ക് വഴിപ്പെടുമെന്നു തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.
അതിനിടെ ഇന്ത്യയില്‍ ആരോഗ്യ കാര്യത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന നീതി ആയോഗിന്‍റെ റിപ്പോര്‍ട്ട് ഉദ്ദരിച്ച് തരൂര്‍ ഇന്നും മുഖ്യമന്ത്രിയെ പുകഴ്ത്തി രംഗത്തു വന്നത് വീണ്ടും കല്ലുകടിയായി. ലോക്‌സഭ തെരഞ്ഞെടുപ്പ് ഉടനില്ലെങ്കിലും തരൂര്‍ കോണ്‍ഗ്രസ് നിലപാടിനൊപ്പം പരസ്യമായി നിലയുറപ്പിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.
Also read: ' അത് സ്വന്തം സംസ്‌കാരത്തിന്‍റെ പ്രതിഫലനം'; കെ മുരളീധരന് ആര്യ രാജേന്ദ്രന്‍റെ പരോക്ഷ മറുപടി