തിരുവനന്തപുരം : വണ്ടിപ്പെരിയാര്‍ പീഡനത്തില്‍ വിവാദ ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് വിശദീകരണവുമായി വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍. ദുഖങ്ങള്‍ മറച്ചുവച്ച് ചിരിക്കാന്‍ ശ്രമിക്കുന്നയാളാണ് താനെന്നും സുഹൃത്തുക്കള്‍ തെറ്റ് ചൂണ്ടിക്കാട്ടിയപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചെന്നുമാണ് ഷാഹിദ കമാലിന്‍റെ വിശദീകരണം.
വിവാദ പോസ്റ്റ് നേരത്തേ അവര്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കിയിരുന്നു. പീഡനത്തിന് ഇരയായ കുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് 'ഇടുക്കി വണ്ടിപ്പെരിയാറിലേക്കുള്ള യാത്രയില്‍' എന്ന കുറിപ്പോടെ ചിരിക്കുന്ന ചിത്രം ഷാഹിദ കമാല്‍ പങ്കുവച്ചത്.
Also read: വണ്ടിപ്പെരിയാര്‍ കേസ്: സ്ഥലം എംഎല്‍എയ്ക്കെതിരെ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍
പോസ്റ്റിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിനോദ യാത്രയ്ക്ക് പോകുന്ന മാനസികാവസ്ഥയിലാണ് വനിത കമ്മിഷന്‍ അംഗത്തിന്‍റെ പോസ്റ്റ് എന്നായിരുന്നു വിമര്‍ശനം. ഈ സാഹചര്യത്തിലാണ് ഷാഹിദ കമാല്‍ പ്രസ്‌താവനയിറക്കിയത്.
വി.ടി ബല്‍റാം, കെ.എസ് ശബരീനാഥന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് വിമര്‍ശിച്ചിരുന്നു. ക്രൂര പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തിലാണ് വനിത കമ്മിഷന്‍ അംഗത്തിന്‍റെ നിലപാടെന്ന് നേതാക്കള്‍ ഫേസ്ബുക്കില്‍ കുറിച്ചു.