തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ റവന്യൂ വകുപ്പിൽ അഡീഷണല്‍ സെക്രട്ടറിയടക്കം 5 പേരെ സ്ഥലം മാറ്റി. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിവരാവകാശ നിയമപ്രകാരം നൽകിയ അണ്ടർ സെക്രട്ടറി ശാലിനിയെ മറ്റൊരു വകുപ്പിലേക്ക് മാറ്റി. വകുപ്പിൽ മൂന്ന് വർഷം പൂർത്തിയാക്കിവരെ മാറ്റാനുള്ള റവന്യു സെക്രട്ടറിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.
സ്ഥലം മാറ്റം സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടു. മരംമുറിയുമായി ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്ത അഡീഷണൽ സെക്രട്ടറി ഗിരിജയെയും സെക്രട്ടേറിയേറ്റിലെ കോൺഗ്രസ് അനുകൂല സംഘടന നേതാവ് ജെ.ബെൻസിയെയും സ്ഥലം മാറ്റിയിട്ടുണ്ട്. സെക്രട്ടേറിയേറ്റ് അസോസിയേഷൻ പ്രസിഡന്‍റായ ബെൻസിയെ കാർഷിക കടാശ്വാസ കമ്മീഷനിലേക്കാണ് മാറ്റിയത്.
മുട്ടിൽ മരംമുറി ഫയൽ വിവരാവകാശ നിയമപ്രകാരം നൽകിയത് അണ്ടർ സെക്രട്ടറിയായ ശാലിനിയാണ്. ഫയലുകളിലെ വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെ രണ്ട് മാസത്തെ നിർബന്ധിത അവധിയിൽ പോകാൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ശാലിനിക്ക് നിർദേശം നൽകിയിരുന്നു. പിന്നാലെയാണ് മറ്റൊരു വകുപ്പിലേക്കുള്ള മാറ്റം.