തിരുവനന്തപുരം: സ്കൂളിൽ പോകാതെയുള്ള പുതിയ ഓൺലൈൻ പഠന രീതിയുടെ കൗതുകത്തിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപ് ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും പുതിയ രീതിയോട് അവർ പൊരുത്തപ്പെട്ടു കഴിഞ്ഞു. പത്താം ക്ലാസ് വിദ്യാർഥിയായ ജോയലിന് രാവിലെ 11 മണിക്കാണ് വിക്ടേഴ്സ് ചാനലിൽ ആദ്യ ക്ലാസ് ആരംഭിച്ചത്. ഫിസിക്സ് ആയിരുന്നു ആദ്യ വിഷയം. ക്ലാസ് മികച്ചതെന്ന് ജോയൽ. എന്നാൽ സംശയങ്ങൾ ചോദിക്കാൻ കഴിയാത്തതിൽ വിഷമമുണ്ട്.
പുതിയ രീതി നല്ലതാണെന്ന് രക്ഷിതാക്കളും പറഞ്ഞു. എന്നാൽ വൈദ്യുതി ഇടയ്ക്ക് ഇല്ലാതാകുന്നത് ക്ലാസ്സുകളെ ബാധിക്കുന്നുണ്ടെന്ന ആശങ്കയും അവർ പങ്കുവച്ചു. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകൾ പ്രത്യേക സമയങ്ങളിലായാണ് വിക്‌ടേഴ്‌സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്. അര മണിക്കൂർ വീതമാണ് ക്ലാസുകൾ. ചാനലിന് പുറമെ വിക്‌ടേഴ്‌സിന്‍റെ യുട്യൂബ്, ഫെയ്സ് ബുക്ക് പേജുകളിലൂടെയും ക്ലാസുകൾ സംപ്രേക്ഷണം ചെയ്യും. രാവിലെ മുഖ്യമന്ത്രിയുടെ ആമുഖ സന്ദേശത്തോടെയാണ് ക്ലാസ് തുടങ്ങിയത്.