തിരുവനന്തപുരം : 75-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിന്‍റെ കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തികഞ്ഞ പ്രതീക്ഷയിലാണ് ആതിഥേയരായ കേരളം. ഉദ്ഘാടന ദിനമായ നാളെ(ശനി) രണ്ടാം മത്സരത്തില്‍ കേരളം രാജസ്ഥാനുമായാണ് ഏറ്റുമുട്ടുന്നത്. ആറുതവണ ചാമ്പ്യന്‍മാരായിട്ടുള്ള കേരളം ഇത്തവണ സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ ഏഴാം കിരീടം ലക്ഷ്യംവച്ച് തന്നെയാണ് കളത്തിലിറങ്ങുന്നത്.
2018ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി നേടുന്നത്. നിലവിലെ ചാമ്പ്യന്‍മാര്‍ സര്‍വീസസ് ആണ്. 2019ല്‍ ലുധിയാനയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബിനെ കീഴടക്കിയാണ് സര്‍വീസസ് ചാമ്പ്യന്‍മാരായത്. 28, 29 തീയതികളിലാണ് സെമി ഫൈനലുകൾ. മെയ് രണ്ടിന് രാത്രി 8 മണിക്കാണ് ഫൈനൽ.
ഇത്തവണ രണ്ട് ഗ്രൂപ്പുകളിലായാണ് ഫൈനല്‍ റൗണ്ട്. ഗ്രൂപ്പ് എയിൽ കേരളം, പശ്ചിമബംഗാള്‍, പഞ്ചാബ്, മേഘാലയ, രാജസ്ഥാന്‍ എന്നീ ടീമുകൾ പന്തുതട്ടുമ്പോൾ ഗ്രൂപ്പ് ബിയിൽ സര്‍വീസസ്, കര്‍ണാടക, മണിപ്പൂര്‍, ഒഡിഷ, ഗുജറാത്ത് എന്നീ ടീമുകളാണ് ഉൾപ്പെട്ടിട്ടുള്ളത്.
രണ്ട് വേദികളിലായി 23 മത്സരങ്ങളാണുള്ളത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് പ്രധാന വേദി. 25000 പേര്‍ക്ക് ഇരിക്കാം. ഇവിടെ എല്ലാ ദിവസവും രാത്രി 8 മണിക്കാണ് മത്സരങ്ങള്‍. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളും ഇവിടെയാണ്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയമാണ് രണ്ടാമത്തെ വേദി. ഇവിടെ 15000 പേര്‍ക്ക് കളികാണാം. ആദ്യ റൗണ്ടിലെ 10 മത്സരങ്ങള്‍ ഇവിടെയാണ്.
കേരള ടീം
- മിഫുന്‍, എസ്.ഹജ്‌മല്‍(ഗോള്‍ കീപ്പര്‍മാര്‍)
- ജി.സഞ്ജു, സോയല്‍ ജോഷി, ബിബിന്‍ അജയന്‍, അജയ് അലക്‌സ്, എ.പി.മുഹമ്മദ് സഹീഫ്, പി.ടി.മുഹമ്മദ് ബാസിത്(ഡിഫന്‍ഡര്‍മാര്‍)
- അര്‍ജുന്‍, ജയരാജ്, പി.അഖില്‍, കെ.സല്‍മാന്‍, എം.ഫസലു റഹ്മാന്‍, എന്‍.എസ്.ഷിഗില്‍, പി.എന്‍.നൗഫല്‍, നിജോ ഗില്ബര്‍ട്ട്, കെ.മുഹമ്മദ് റാഷിദ്, ജിജോ ജോസഫ്(മിഡ്‌ഫീല്‍ഡര്‍മാര്‍)
- എം.വിഘ്‌നേഷ്, ടി.കെ.ജെസിന്‍, മുഹമ്മദ് സഫ്‌നാദ്(ഫോര്‍വേര്‍ഡര്‍മാര്‍)
- ഹെഡ് കോച്ച്: ബിനോ ജോര്‍ജ്
- അസിസ്റ്റന്‍റ് കോച്ച്: ടി.ജി പുരുഷോത്തമന്‍
- മാനേജര്‍: മുഹമ്മദ് സലിം
ക്യാപ്‌റ്റന്‍ ജിജോ ജോസഫ് ആറാം തവണയാണ് സന്തോഷ് ട്രോഫി ടീമിലെത്തുന്നത്. തൃശൂര്‍ സ്വദേശിയും 2014 ല്‍ അന്തര്‍ സര്‍വകലാശാല കിരീടം നേടിയ കാലിക്കറ്റ് ടീമില്‍ അംഗവുമായിരുന്നു ജിജോ.
കേരളത്തിന്‍റെ സന്തോഷ് ട്രോഫി കിരീടങ്ങള്‍
- 1973 വേദി: എറണാകുളം, എതിരാളി റെയില്‍വേസ്, ക്യാപ്‌റ്റന്‍ : ടി.കെ.എസ്.മണി
- 1992 വേദി: കോയമ്പത്തൂര്‍, എതിരാളി: ഗോവ, ക്യാപ്റ്റന്‍ : പി.പി.സത്യന്‍
- 1993 വേദി: കൊച്ചി, എതിരാളി: മഹാരാഷ്ട്ര, ക്യാപ്‌റ്റന്‍ : കുരികേശ് മാത്യു
- 2001 വേദി: മുംബൈ, എതിരാളി: ഗോവ, ക്യാപ്‌റ്റന്‍ : ശിവകുമാര്‍
- 2004 വേദി: ഡൽഹി, എതിരാളി: പഞ്ചാബ്, ക്യാപ്‌റ്റന്‍ : ഇഗ്നേഷ്യസ്
- 2018 വേദി: കൊല്‍ക്കത്ത, എതിരാളി: ബംഗാള്‍, ക്യാപ്‌റ്റന്‍ : രാഹുല്‍