തിരുവനന്തപുരം: ഭരണഘടനയെ രൂക്ഷമായി വിമർശിച്ചും സത്യപ്രതിജ്ഞ ലംഘനം നടത്തിയും വിവാദത്തിലായ മന്ത്രി സജി ചെറിയാൻ തല്‍ക്കാലം രാജിവെക്കില്ല. കോടതി ഇടപെടുന്നത് വരെ രാജി വേണ്ടെന്ന നിലപാടിലേക്ക് സിപിഎം സംസ്ഥാന നേതൃത്വം എത്തിയതോടെയാണ് തല്‍ക്കാലം രാജിവേണ്ടെന്ന് തീരുമാനിച്ചത്. അഡ്വക്കേറ്റ് ജനറലിനെ അടക്കം വിളിച്ചുവരുത്തി നിയമോപദേശം തേടിയ ശേഷമാണ് രാജിക്കാര്യത്തില്‍ കോടതി ഇടപെടുന്നത് വരെ തീരുമാനം വേണ്ടെന്ന് ഇന്ന് ചേർന്ന (07.07.22) സിപിഎം അവയ്‌ലബിൾ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തത്.
സജി ചെറിയാനെ വിളിച്ചുവരുത്തിയാണ് സിപിഎം അവയ്‌ലബിൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്നത്. വിവാദ പ്രസംഗത്തില്‍ മന്ത്രി യോഗത്തില്‍ വിശദീകരണം നല്‍കി. പ്രസംഗം നാക്ക് പിഴയാണെന്ന നിലപാട് മന്ത്രി യോഗത്തില്‍ ആവർത്തിച്ചു. ഭരണഘടനയെ അല്ല ഭരണകൂടത്തെ വിമർശിക്കാനാണ് ശ്രമിച്ചതെന്നും സജി ചെറിയാൻ വിശദീകരണം നല്‍കി.
എന്നാല്‍ മന്ത്രിയുടെ വാക്കുകളില്‍ മിതത്വവും ജാഗ്രതയും വേണമായിരുന്നുവെന്ന് യോഗത്തില്‍ അഭിപ്രായമുയർന്നു. മന്ത്രിയുടെ പ്രസംഗം പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. അതേസമയം യോഗത്തിന് ശേഷം പുറത്തുവന്ന മന്ത്രി സജി ചെറിയാനോട് രാജിക്കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ 'എന്തിന് രാജിയെന്നാണ്' മന്ത്രി മാധ്യമങ്ങളോട് ചോദിച്ചത്.
വാവിട്ട വാക്കിനെ കൈവിടാതെ പാർട്ടി: രണ്ട് ദിവസം മുൻപ് മല്ലപ്പള്ളിയില്‍ നടന്ന സിപിഎം പ്രാദേശിക പരിപാടിയിലാണ് ഭരണഘടനയെ അതിരൂക്ഷമായി വിമർശിച്ച് മന്ത്രി സജി ചെറിയാൻ പ്രസംഗിച്ചത്. ഇന്നലെ (05.07.22) രാവിലെയാണ് മന്ത്രിയുടെ വിവാദ പ്രസംഗം മാധ്യമങ്ങളിലൂടെ പുറത്തെത്തിയത്. അതോടെ യുഡിഎഫും ബിജെപിയും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് എത്തി. വിഷയത്തില്‍ രാജ്‌ഭവൻ കൂടി ഇടപെട്ടതോടെ മന്ത്രിയും സിപിഎമ്മും ശരിക്കും പ്രതിരോധത്തിലായി.
പ്രസംഗം വളച്ചൊടിച്ചതാണെന്നും നാക്ക് പിഴയാണെന്നും പറഞ്ഞ് സജി ചെറിയാൻ ഇന്നലെ തന്നെ നിയമസഭയില്‍ ഖേദ പ്രകടനവും നടത്തി. എന്നാല്‍ ഭരണഘടന വിദഗ്ധരും നിയമവിദഗ്ധരും മന്ത്രി രാജിവെച്ചൊഴിയുന്നതാണ് നല്ലതെന്ന വാദവും ഉയർത്തിയതോടെ സംഭവം വലിയ വിവാദമായി. അന്തരിച്ച കേരള കോൺഗ്രസ് നേതാവ് ആർ ബാലകൃഷ്‌ണപിള്ള മന്ത്രിയായിരുന്നപ്പോൾ നടത്തിയ പഞ്ചാബ് മോഡല്‍ പ്രസംഗവും അതിനെ തുടർന്നുള്ള രാജിയും ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നതോടെ സജി ചെറിയാന്‍റെ മല്ലപ്പള്ളി പ്രസംഗം ഭരണഘടന വിരുദ്ധമാണെന്ന പൊതു വികാരം ശക്തമായി.
ഇന്ന് (07.07.22) പ്രതിപക്ഷം നിയമസഭയില്‍ വിഷയം അതി ശക്തമായി ഉയർത്തിയതോടെ എട്ട് മിനിട്ട് മാത്രം സമ്മേളിച്ച നിയമസഭ പിരിച്ചുവിട്ട സ്‌പീക്കർ ഭരണപക്ഷത്തെ രക്ഷിച്ചെടുത്തു. അതിന് ശേഷം അടിയന്തരമായി സിപിഎം സംസ്ഥാന നേതൃത്വം അവയ്‌ലബിൾ സെക്രട്ടേറിയറ്റ് യോഗം വിളിച്ചതോടെ മന്ത്രി രാജിവെക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. പക്ഷേ കോടതി ഇടപെടുന്നത് വരെ മന്ത്രിയെ സംരക്ഷിക്കാനും രാജിവെക്കേണ്ടതില്ലെന്ന തീരുമാനവുമാണ് സിപിഎം സ്വീകരിച്ചത്.