തിരുവനന്തപുരം: ശബരിമല തീര്‍ഥാടനം കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്നതിന് ദേവസ്വം ബോര്‍ഡ് തീരുമാനം. തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ശബരിമല ദര്‍ശനം പൊലീസ് വകുപ്പിന്‍റെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കും. മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന്‍റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കൊവിഡ്-19 രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റുമായി വരുന്ന തീര്‍ത്ഥാടകരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ഉള്‍പ്പെടുത്തി തിരക്കില്ലാതെ ദര്‍ശത്തിന് എത്തിക്കുന്ന തരത്തില്‍ ക്രമീകരണം ഒരുക്കുന്നതിനാണ് യോഗം തീരുമാനിച്ചത്.
മണ്ണിടിച്ചില്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയുണ്ടായാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാകലക്‌ടര്‍ യോഗത്തെ അറിയിച്ചു. നിലയ്ക്കലില്‍ കൊവിഡ് ചികിത്സയ്‌ക്കെടുത്തിരിക്കുന്ന കെട്ടിടങ്ങള്‍ ജില്ലാ ഭരണകൂടം തീര്‍ഥാടന കാലത്തിന് മുന്‍പായി ഒഴിഞ്ഞു നല്‍കണമെന്നും ദേവസ്വം പ്രസിഡന്‍റ് എന്‍. വാസു യോഗത്തില്‍ ആവശ്യപ്പെട്ടു. കടകള്‍ ലേലം ചെയ്ത് പോകാനുള്ള സാധ്യത കുറയുകയാണെങ്കില്‍ കണ്‍സ്യൂമര്‍ഫെഡ് പോലുള്ള സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനം തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കുന്നതിനും യോഗം തീരുമാനിച്ചിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുളള വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും ദിവസ വേതന ജീവനക്കാര്‍ക്കും ആവശ്യമായ താമസസൗകര്യം ഒരുക്കും. പമ്പയിലേയ്ക്കുള്ള റോഡില്‍ വിള്ളല്‍ വീണ സാഹചര്യത്തില്‍ പുതുക്കിപ്പണിയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നതിന് ദേവസ്വം വകുപ്പ് പിന്‍സിപ്പല്‍ സെക്രട്ടറിയെ ഉന്നതതലയോഗം ചുമതലപ്പെടുത്തി. കൊവിഡ് പശ്ചാത്തലത്തില്‍ സന്നിധാനത്തും നിലയ്ക്കലിലും പമ്പയിലും ചികിത്സാ സൗകര്യങ്ങള്‍ ആരോഗ്യ വകുപ്പ് മെച്ചപ്പെടുത്തും.