തിരുവനന്തപുരം : കോണ്‍ഗ്രസിന്‍റെ രാജ്യസഭ സീറ്റ് ജെബി മേത്തര്‍ പണം കൊടുത്ത് വാങ്ങിയതാണെന്ന പരാമര്‍ശം വിഴുങ്ങി ആര്‍എസ്‌പി നേതാവ് എഎ അസീസ്. അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറി മലക്കം മറിഞ്ഞു. അത് വ്യാഖ്യാനം മാത്രമാണ്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട രണ്ട് പേരെയാണ് എല്‍ഡിഎഫും യുഡിഎഫും തീരുമാനിച്ചതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും എ.എ അസീസ് വിശദീകരിച്ചു.
രാജ്യസഭ സീറ്റ് കോണ്‍ഗ്രസ് സ്ഥാനാർഥി പണം കൊടുത്ത് വാങ്ങിയെന്നാണ് എ.എ അസീസ് ആദ്യം പറഞ്ഞത്. പേയ്‌മെന്‍റ് സ്ഥാനാർഥിത്വമാണ് കോണ്‍ഗ്രസിലുണ്ടായതെന്നും ആരോപിച്ചിരുന്നു. ആര്‍എസ്‌പിയുടെ യുവജന വിഭാഗമായ ആര്‍വൈഎഫിന്‍റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു വിവാദ പരാമര്‍ശം.
Also read: നേതാക്കള്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ നടപടിയുണ്ടാകും : കെ സുധാകരന്‍
സ്ഥാനാർഥിയായി പ്രഖ്യാപിച്ച ജെബി മേത്തര്‍ പണം കൊടുത്ത് സീറ്റ് വാങ്ങുകയായിരുന്നു. ഇതിലൂടെ ചെറുപ്പക്കാരിയായ ഒരു പെണ്ണിനും ന്യൂനപക്ഷ സമുദായത്തിനും സീറ്റ് കിട്ടിയെന്നും അസീസ് പരിഹസിച്ചു. നിരവധി നേതാക്കള്‍ സീറ്റിനായി കോണ്‍ഗ്രസില്‍ നെട്ടോട്ടമായിരുന്നു.
എന്നാല്‍ കാശ് കൊടുത്ത ജെബി മേത്തറിന് സീറ്റ് നല്‍കിയതോടെ കോണ്‍ഗ്രസിന് ന്യൂനപക്ഷ മുഖമായി അവതരിപ്പിക്കാനായെന്നും അസീസ് ആരോപിച്ചു. ഇതിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് എഎ അസീസിന്‍റെ വിശദീകരണം.