തിരുവനന്തപുരം : വെങ്ങാനൂരിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം. ചാവടിനടയിൽ ജോയൽ ഭവനിൽ ഒളിവറിന്‍റെ വീട് കുത്തിത്തുറന്നാണ് മൂന്ന് പേരടങ്ങുന്ന സംഘം മോഷണം നടത്തിയത്. വിലപിടിപ്പുള്ള 8 വാച്ചുകളും രണ്ട് ജോഡി സ്വർണക്കമ്മലുമുൾപ്പടെ ഒന്നര ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്. അതേസമയം കള്ളൻമാരുടെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞു.
മോഷണം നടന്ന വീട് കുറച്ചുദിവസമായി പൂട്ടിക്കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഒളിവർ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് കള്ളൻമാരുടെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം വെങ്ങാനൂർ ചാവടി നട ഭാഗങ്ങളിൽ കള്ളന്മാരുടെ അതിക്രമം കൂടി വരുന്നുണ്ടെന്നും ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്നും പൊലീസ് അറിയിച്ചു.