തിരുവനന്തപുരം: വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന് മർദനമേറ്റ സംഭവത്തിൽ പൂജപ്പുര സിഐ ഒളിച്ചു കളിക്കുന്നതായി പരാതി. എൻ.രാജൻ എന്ന മുൻ പൊലീസുകാരനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് രാജനെ മൂന്നംഗ സംഘം വീടിനു സമീപത്ത് വച്ച് മർദിച്ചത്. രാജന്‍റെ മുഖത്തും നെഞ്ചിലും കല്ല് കൊണ്ട് മർദിക്കുകയായിരുന്നു. രാജന്‍റെ പുരികത്തിന് തുന്നനിലിടേണ്ടി വന്നു. കണ്ണുകൾക്ക് ക്ഷതവും ഉണ്ടായി.
ഈ സംഭവത്തിൽ ഷാജി എന്ന സമീപവാസി, അയാളുടെ അച്ഛൻ വിജയൻ, ബന്ധുവായ സംഗീത് എന്നിവരെ പ്രതികളാക്കി രാജൻ പൂജപ്പുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ സംഭവത്തിൽ കേസെടുക്കാതെ പൂജപ്പുര സിഐ കേസ് ഒതുക്കാൻ ശ്രമിക്കുകയാണെന്നാണ് രാജൻ പരാതിപ്പെടുന്നത്. മൂന്നു ദിവസം കഴിഞ്ഞിട്ടും പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്ന് രാജൻ അസിസ്റ്റന്‍റ് കമ്മിഷണർക്ക് രാജൻ പരാതി നൽകി. അസിസ്റ്റന്‍റ് കമ്മിഷണറുടെ നിർദ്ദേശ പ്രകാരം പൊലീസ് കേസെടുത്തു. ഒപ്പം രാജന്‍റെ പേരിലും ഐപിസി 308 പ്രകാരം വധശ്രമത്തിന് കേസെടുത്തു. പ്രതികളായി രാജൻ നൽകിയവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങിയാണ് പൊലീസ് പെരുമാറുന്നതെന്നാണ് രാജൻ ആരോപിക്കുന്നത്. ഇതിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പ്രതിപക്ഷ നേതാവിനും പരാതി നൽകിയിരിക്കുകയാണ് പൊലീസിലെ കായികതാരം കൂടിയായിരുന്ന രാജൻ.