തിരുവനന്തപുരം: നഗരത്തില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. കൊവിഡ് അതിവ്യാപന മേഖലകളില്‍ ട്രിപ്പിള്‍ ലോക് ഡൗൺ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നഗരത്തില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗ ബാധ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് തീരുമാനം. സ്ഥിതി കൂടുതല്‍ ഗുരുതരമാണ്. ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 129 പേരില്‍ 122 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 16 പേരുടെ ഉറവിടം വ്യക്തമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
പൂന്തുറ, മാണിക്യവിളാകം മേഖലയില്‍ മാത്രം 97 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പുല്ലുവിള സ്വദേശിയായ രണ്ട് വയസുകാരന്‍. പുല്ലുവിള സ്വദേശിനിയായ 75 കാരി, പൂവാര്‍ സ്വദേശിനിയായ 9 വയസുകാരി, പുല്ലുവിള സ്വദേശിയായ 10 വയസുകാരന്‍. പാളയം സ്വദേശിയായ 21 കാരന്‍. പാളയം സ്വദേശിയായ 27 കാരന്‍, പാച്ചല്ലൂര്‍ പാറവിള സ്വദേശിയായ എട്ട് വയസുകാരന്‍, അമ്പലത്തറ സ്വദേശിനിയായ നാലു വസുകാരി, പാറശ്ശാല കണിയാരംകോട് സ്വദേശിയായ 19 കാരന്‍, ഫോര്‍ട്ട് പദ്മനഗര്‍ സ്വദേശിയായ 19 കാരന്‍, പൂവച്ചല്‍ സ്വദേശിയായ 27 കാരന്‍, മണക്കാട് പുതുകല്‍മൂട് സ്വദേശിയായ 40 കാരന്‍ എന്നിവര്‍ക്ക് ഇന്ന് രോഗം ബാധയുണ്ടായി. അതേസമയം, തിരുവനന്തപുരത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ചില ക്ലസ്റ്ററുകളില്‍ സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായിട്ടുണ്ട്. ഇത് സമൂഹ വ്യാപനത്തിന്‍റെ ആദ്യ പടിയാണെന്നും കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സമൂഹ വ്യാപനത്തിലേക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.