തിരുവനന്തപുരം: ജില്ലകള്‍ക്കുള്ളില്‍ പൊതു ഗതാഗതം അനുവദിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇരുന്നു യാത്ര ചെയ്യാവുന്നിന്‍റെ പകുതി യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കില്ല. ജലഗതാഗതവും അനുവദിക്കും. ഓണ്‍ ലൈന്‍ ആപ്പ് തയ്യാറാക്കുന്ന മുറയ്ക്ക് ചില്ലറ മദ്യ വിതരണം ആരംഭിക്കും. എന്നാല്‍ ബാറുകളില്‍ ഇരുന്ന് മദ്യവും ഭക്ഷണവും കഴിക്കുന്നതിന് അനുവാദമില്ല. ക്ലബുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഒരേ സമയം അഞ്ചു പേര്‍ക്ക് മദ്യവും ഭക്ഷണവും പാഴ്‌സലായി നല്‍കാം. രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ യാത്ര ചെയ്യുന്നതിന് നിയന്ത്രണങ്ങളില്ല. എന്നാല്‍ വൈകിട്ട് 7 മുതല്‍ രാവിലെ 7വരെ യാത്ര ചെയ്യേണ്ട ആവശ്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതിയാല്‍ മതി. സമീപ ജില്ലകളില്‍ യാത്ര ചെയ്യേണ്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും. അന്തര്‍ ജില്ലാ യാത്രകള്‍ക്ക് പാസ് വേണ്ട.
സ്വകാര്യ വാഹനങ്ങള്‍, ടാക്‌സി തുടങ്ങിയ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമേ രണ്ട് പേര്‍ക്ക് യാത്ര അനുവദിക്കും. കുടുംബാംഗങ്ങളാണെങ്കില്‍ മൂന്ന് പേരെ അനുവദിക്കും. ഓട്ടോ റിക്ഷകളില്‍ ഡ്രൈവവര്‍ക്ക് പുറമേ ഒരാള്‍ക്ക് യാത്ര ചെയ്യാം. കുടുംബാംഗങ്ങളാണെങ്കില്‍ 3 പേര്‍ക്ക് യാത്ര ചെയ്യാം. എ.സി പ്രവര്‍ത്തിപ്പിക്കാത്ത ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറുകളും നാളെ മുതല്‍ തുറക്കാം. ഹെയര്‍ കട്ടിംഗ്, ഹെയര്‍ ഡ്രെസിംഗ്, ഷേവിംഗ് എന്നിവ നടത്താം. ഒരു സമയം രണ്ടുപേരെ മാത്രമേ ഷോപ്പില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ടവല്‍ കസ്റ്റമര്‍ തന്നെ കൊണ്ടു വരേണ്ടതാണ്. ഫോണ്‍ വഴി മുന്‍ കൂട്ടി സമയം നിശ്ചയിച്ച് ബാര്‍ബര്‍ഷോപ്പുകളില്‍ പോകുന്നതാണ് നല്ലത്.
ഹോട്ടലുകള്‍ക്ക് ടേക്ക് എവേ കൗണ്ടറുകളില്‍ നിന്നുള്ള ഭക്ഷണ വിതരണം രാത്രി 9വരെ നടത്താം. ഓണ്‍ലൈനും ഡോര്‍ ടു ഡോര്‍ ഡെലിവറിയും രാത്രി 10 വരെ നടത്താം. നാളെ മുതല്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ ഓഫീസില്‍ ഹാജരാകണം. ബാക്കിയുള്ളവര്‍ മേലധികാരിയുടെ നിര്‍ദ്ദേശം പാലിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യണം. മറ്റ് ജില്ലകളില്‍ നിന്ന് വന്ന് ലോക്ക് ഡൗണില്‍ പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി ചെയ്യുന്ന ജില്ലകളിലേക്ക് മടങ്ങണം. മടങ്ങാനാകാത്തവര്‍ ഇപ്പോള്‍ ലോക്ക് ഡൗണില്‍ പെട്ടിരിക്കുന്ന ജില്ലയിലെ കലക്ടര്‍മാര്‍ക്കു മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.