തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ചുറ്റുമതിൽ പുനര്‍നിർമിക്കാനും പശുത്തൊഴുത്ത് കെട്ടാനും 42.90 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ചീഫ് എഞ്ചിനീയര്‍ നൽകിയ എസ്റ്റിമേറ്റ് പരിശോധിച്ചാണ് പൊതുമരാമത്ത് വകുപ്പിന്‍റെ നടപടി. എസ്റ്റിമേറ്റ് പ്രകാരം ചുറ്റുമതില്‍ പുനര്‍നിര്‍മിക്കാനും തൊഴുത്ത് നിര്‍മാണത്തിനുമായി ജൂണ്‍ 22 നാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കി ഉത്തരവിറക്കിയത്.
കെ റെയിലിനെതിരായ സമരങ്ങളുടെ ഭാഗമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസ് വളപ്പില്‍ കയറി കുറ്റി സ്ഥാപിച്ചത് വൻ സുരക്ഷ വീഴ്‌ചയായിരുന്നു. ഇതിന് പിന്നാലെയാണ് ചുറ്റുമതില്‍ ബലപ്പെടുത്തി പുനര്‍നിര്‍മിക്കാന്‍ തീരുമാനമുണ്ടായത്. ചുറ്റുമതില്‍ പുനര്‍നിര്‍മിക്കാനും തൊഴുത്ത് നിര്‍മാണത്തിനുമായി പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ മെയ് ഏഴിന് കത്ത് നല്‍കിയിരുന്നു.
ഇതിന് പുറമേ, മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയും എസ്കോർട്ടിനായും പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് 88,69,841 രൂപ അനുവദിച്ച് ഉത്തരവായി. മുഖ്യമന്ത്രിക്ക് കിയയും എസ്കോർട്ടിന് മൂന്ന് ഇന്നോവയുമാണ് വാങ്ങുന്നത്.
അതേസമയം, സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലക്ഷങ്ങൾ മുടക്കി ആഡംബര കാറുകൾ വാങ്ങാനുള്ള സർക്കാർ തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥന്‍ രംഗത്തെത്തി. ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പർ താരങ്ങൾ സിപിഎമ്മിന്‍റെ മുന്നിൽ തോറ്റുപോകുമല്ലോ എന്നായിരുന്നു ശബരീനാഥന്‍റെ പരിഹാസം.