തിരുവനന്തപുരം: ഇല്ലാത്ത അധികാരം ഉപയോഗിച്ച് കെ.എം. ഷാജിക്കെതിരെ വിജിലന്‍സ് കേസെടുക്കാന്‍ നൽകിയ അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്‌പീക്കര്‍ക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്. എം.എല്‍.എക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിന് അനുമതി നല്‍കാന്‍ സ്‌പീക്കർക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല കത്ത് നൽകിയത്.
1988ലെ അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരമാണ് സ്‌പീക്കർ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചതെന്നാണ് മനസിലാക്കുന്നത്. പക്ഷേ ഈ വകുപ്പനുസരിച്ച് സ്‌പീക്കർക്ക് ഇത്തരമൊരു നടപടിക്ക് അധികാരമില്ല. ഒരു വ്യക്തിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അയാള്‍ വഹിക്കുന്ന സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ അധികാരമുള്ള അധികാരിയുടെ അനുമതി വേണമെന്നാണ് ഈ വകുപ്പില്‍ പറയുന്നത്. എന്നാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു നിയമസഭാംഗത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ സ്പീക്കര്‍ക്ക് അധികാരമില്ലന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് ബാധയെ തുടര്‍ന്ന് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി സമ്മേളനം അവസാനിപ്പിച്ച മാര്‍ച്ച് 13നാണ് ഷാജിയോട് വിശദീകരണം പോലും ആരായാതെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് സ്‌പീക്കർ നിയമവിരുദ്ധമായി അനുമതി നല്‍കിയത്. ഒരു എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്‌പീക്കര്‍ അനുമതി നല്‍കുന്നത് കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമാണെന്നും ചെന്നിത്തല കത്തിൽ പറയുന്നു.