തിരുവനന്തപുരം: ജോസ്.കെ.മാണിയുടെ ഇടതുപ്രവേശം യുഡിഎഫിനെ ഒരുതരത്തിലും അലട്ടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ.എം മാണിയുടെ ആത്മാവിനെയും അദ്ദേഹത്തെ സ്‌നേഹിക്കുന്ന ജനങ്ങളെയും വഞ്ചിച്ചുകൊണ്ടാണ് ജോസ്.കെ.മാണിയും കൂട്ടരും എല്‍ഡിഎഫിലേക്ക് ചേക്കേറിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോണ്‍ഗ്രസ് വികാരം നെഞ്ചേറ്റുന്നവര്‍ ജോസ്.കെ.മാണിയുടെ തീരുമാനം അംഗീകരിക്കില്ല. കെ.എം മാണിയെ കള്ളനെന്ന് വിളിച്ചവരുമായാണ് ജോസ്.കെ.മാണി കൂട്ടുകെട്ടുണ്ടാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ജോസ്.കെ.മാണയുടേത് രാഷ്ട്രീയ വഞ്ചനയാണ്. കെ.എം മാണിയുടെ രക്തത്തിന് വേണ്ടി ദാഹിച്ച സിപിഎമ്മും മുഖ്യമന്ത്രിയും ഇന്ന് മാണിയുടെ കക്ഷിയെ സ്വാഗതം ചെയ്യുന്നു. എന്ത് തരംതാണ രാഷ്ട്രീയമാണിത്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ സിപിഎമ്മുമായി ജോസ്.കെ.മാണി ആരംഭിച്ച രഹസ്യബാന്ധവത്തിന്‍റെ തുടര്‍ച്ചയാണിത്. യുഡിഎഫിനെ പിന്നില്‍ നിന്ന് കുത്തിയ ജോസ്.കെ.മാണി കനത്ത വില നല്‍കേണ്ടിവരും. മാണി.സി.കാപ്പനുമായി താന്‍ രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. ഇത് സംബന്ധിച്ച് യുഡിഎഫ് കണ്‍വീനര്‍ അഭിപ്രായ പ്രകടനം നടത്തിയത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്നറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.