തിരുവനന്തപുരം: അമ്പൂരി കൊലപാതകം നിർണായക വെളിപ്പെടുത്തലുമായി കാർ ഉടമയുടെ സഹോദരൻ. അമ്പൂരി കൊലപാതകത്തിൽ പ്രതികൾ സഞ്ചരിച്ചുവെന്നു പറയുന്ന കാർ തമിഴ്നാട് കളിയൽ സ്വദേശിയായ ഒരു പട്ടാളക്കാരന്‍റെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഈ പട്ടാളക്കാരന്‍റെ സഹോദരനാണ് നിർണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. തന്‍റെ സഹോദരൻ രതീഷിനോടൊപ്പം ശ്രീനഗറിൽ ജോലി ചെയ്തു വന്നിരുന്ന അഖിൽ നാട്ടിൽ വന്ന് ആവശ്യപ്പെടുമ്പോൾ കാർ നൽകുന്നത് പതിവാണെന്നും രതീഷ് നിർദേശിക്കുമ്പോൾ കാർ എടുക്കാൻ അഖിലും രാഹുലും ഒരുമിച്ച് വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കഴിഞ്ഞ 19ന് അമ്മയെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനും പുതുതായി വെക്കുന്ന വീട് കാണിക്കുന്നതിന് ബാങ്ക് മാനേജരെ കൊണ്ടുവരുന്നതിനുമായി ഇരുവരും കാർ വാങ്ങി കൊണ്ടുപോയെന്നും 27ന് അഖിൽ ലീവ് കഴിഞ്ഞ് പോയതിനാൽ വാഹനം തിരികെ നൽകാൻ രാഹുൽ ഒറ്റയ്ക്കാണ് വന്നതെന്നും രതീഷിന്‍റെ സഹോദരൻ വെളിപ്പെടുത്തുന്നു. അതേസമയം സംഭവത്തിലെ നിർണായക തെളിവായ കാർ നിരീക്ഷണത്തിലാണെന്നും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് പറഞ്ഞു.