തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. എന്നാല്‍ എവിടേയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.
അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം രൂപംകൊണ്ട ന്യൂനമര്‍ദത്തിന്‍റെ ശക്തി കുറഞ്ഞിട്ടുണ്ട്. മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്‌ച വൈകീട്ട് വരെ മഴ തുടരുമെന്ന കണക്കുകൂട്ടലില്‍ പ്രതിരോധം ഊര്‍ജ്ജിതമാക്കിയതായി റവന്യൂ വകുപ്പ് അറിയിച്ചു.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ സംഘങ്ങളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. അഞ്ച് സംഘങ്ങളെ ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ വിന്യസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രളയ പ്രതിസന്ധി നേരിടാന്‍ കെഎസ്‌ഇബി ഇന്ന് ഉന്നതതലയോഗം ചേരും. കക്കി, ഇടുക്കി, ഇടമലയാര്‍ തുടങ്ങി വന്‍കിട അണക്കെട്ടുകള്‍ തുറക്കേണ്ടിവന്നാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കം, പ്രളയ ബാധിത പ്രദേശങ്ങളിലെ വൈദ്യുതിവിതരണം പുനഃസ്ഥാപിക്കല്‍ തുടങ്ങിയവ വിലയിരുത്തും.
Also read: മൂന്ന് ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴ തുടരും; രക്ഷാപ്രവർത്തനം ഊർജ്ജിതം