തിരുവനന്തപുരം: മധ്യ കിഴക്കന്‍ അറബികടലില്‍ കര്‍ണാടക തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിക്കാനാണ് സാധ്യത. എന്നാല്‍ ന്യൂനമര്‍ദ്ദത്തിന്‍റെ സഞ്ചാരപാത കേരളത്തില്‍ നിന്ന് അകന്നു പോകുന്നതിനാല്‍ സംസ്ഥാനത്തിന് മഴ ഭീഷണിയുണ്ടാക്കില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിലവിലെ വിലയിരുത്തല്‍.
എട്ടാമത്തെ ന്യൂനമര്‍ദ്ദം
ഈ തുലാവര്‍ഷ സീസണില്‍ 47 ദിവസത്തിനിടെ അറബിക്കടലില്‍ രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമർദ്ദമാണ് ഇതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക് ആന്‍ഡമാന്‍ കടലില്‍ ഉള്ള ന്യൂനമര്‍ദ്ദം പടിഞ്ഞാറ്- വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ചു ശക്തമായ ന്യൂനമര്‍ദ്ദം ആകാന്‍ സാധ്യതയുണ്ട്.
തുടര്‍ന്ന് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു നവംബര്‍ 18 ഓടെ ആന്ധ്ര പ്രദേശിലും വടക്കൻ തമിഴ് നാടിന്‍റെ തീരത്തും കരയില്‍ പ്രവേശിക്കാനാണ് സാധ്യത. ഈ ന്യൂനമര്‍ദ്ദത്തിന്‍റെയും ചക്രവാതചുഴിയുടേയും സ്വാധീനഫലമായി കേരളത്തില്‍ ഇന്നും നാളെയും വ്യാപകമായ മഴക്കും വടക്കന്‍ കേരളത്തിലും മലയോര പ്രദേശങ്ങളിലും ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്
നിലവില്‍ 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് യെല്ലോ അലര്‍ട്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.