തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) സംഘം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടത്തുന്ന പരിശോധന അഞ്ച് മണിക്കൂർ പിന്നിട്ടു.
രാവിലെ പത്ത് മണിയോടെയാണ് അന്വേഷണ സംഘം പരിശോധന തുടങ്ങിയത്. ഒമ്പത് മണിയോടെ സംഘം ബിനീഷിന്‍റെ വീട്ടിലെത്തിയെങ്കിലും ആരും ഉണ്ടായിരുന്നില്ല. സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരുടെ പക്കൽ വീടിന്‍റെ താക്കോലും ഇല്ലായിരുന്നു. ഉദ്യോഗസ്ഥർ ഒരു മണിക്കൂറോളം വീടിനു പുറത്ത് കാത്തിരുന്നു.
താക്കോലുമായി ഒരു ജീവനക്കാരൻ എത്തിയെങ്കിലും ഉദ്യോഗസ്ഥർ വീടിനുള്ളിൽ കയറിയില്ല. പത്ത് മണിയോടടുത്ത് ബിനീഷ് കോടിയേരിയുടെ ഭാര്യയും ഭാര്യയുടെ അച്ഛനും അമ്മയും എത്തി. പിന്നാലെയാണ് ഉദ്യോഗസ്ഥർ വീടിനുള്ളിൽ കടന്നത്. പരിശോധന ഇപ്പോഴും തുടരുകയാണ്. ഉച്ചഭക്ഷണം അടക്കം വീടിനുള്ളിൽ എത്തിക്കുകയാണ് ചെയ്തത്. കർശന സുരക്ഷയിലാണ് പരിശോധന നടക്കുന്നത്. പരിശോധന നടത്തുന്ന വീടിന്‍റെ സുരക്ഷ സി.ആർ.പി.എഫ് ഏറ്റെടുത്തു. സായുധരായ സി.ആർ.പി.എഫ് ഭടൻമാരെ വീടിനു മുന്നിലും പരിസരത്തും വിന്യസിച്ചിട്ടുണ്ട്. ഇത് കൂടാതെ കർണാടക പൊലീസ് സംഘവും ഒപ്പമുണ്ട്. ബിനീഷിന്‍റെ വീട് ഉൾപ്പെടെ ആറിടങ്ങളിലാണ് ഇന്ന് ഇഡി സംഘം ഒരേസമയം പരിശോധിക്കുന്നത്.
ബിനീഷുമായി സാമ്പത്തികമായി ബന്ധമുള്ളവരുടെയും ബസിനസ് പങ്കാളിത്തമുള്ളവരുടെയും സ്ഥാപനങ്ങളിലും വീടുകളിലുമാണ് റെയ്ഡ്. ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇഡി സംശയിക്കുന്ന അബ്ദുല്‍ ലത്തീഫിന്‍റെ കേശവദാസപുരത്തെ കാർ പാലസ് എന്ന സ്ഥാപനത്തിലും ജവഹർ നഗറിലുള്ള അദ്ദേഹത്തിന്‍റെ വീട്ടിലും സംഘം പരിശോധനയുണ്ട്. ബിസിനസ് പങ്കാളിത്തമോ സാമ്പത്തിക ഇടപാടുകൾ തെളിയിക്കുന്നതിനുള്ള രേഖയാണ് പ്രധാനമായും സംഘം പരിശോധിക്കുന്നത്.
സ്റ്റാച്യു - ചിറക്കുളം റോഡിലുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ടോറസ് റെമഡീസിലും ബിനീഷിനെ സുഹൃത്തായ അരുൺ വർഗീസിന്‍റെ കെ.കെ റോക്സ് എന്ന സ്ഥാപനത്തിലും പരിശോധന നടന്നു. ബിനീഷിനെ മറ്റൊരു സുഹൃത്തും വിദേശത്ത് മാൻപവർ കൺസൾട്ടൻസി നടത്തുന്ന അൽജാസം അബ്ദുൽ ജാഫറിന്‍റെ നെടുമങ്ങാട് അരുവിക്കരയിൽ വസതിയിലും പരിശിശോധന നടക്കുന്നു. ആഡംബര വാഹനങ്ങൾ വാങ്ങി അതിന്‍റെ പേരിൽ നടപടിന നേരിട്ടയാളാണ് ജാഫർ. ബിനീഷ് നൽകിയ കണക്കുകളെക്കാള്‍ അഞ്ച് കോടിയിലധികം രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇത് തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ക്കായാണ് പരിശോധന.