തിരുവനന്തപുരം: കാരോട്-കഴക്കൂട്ടം ബൈപ്പാസിലെ ടോള്‍ പിരിവിന് എതിരായ സമരം അവസാനിപ്പിച്ച് സമരസമിതി. ടോള്‍ ബൂത്തിന് സമീപത്തെ 11 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവാസികള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. തൊഴില്‍മന്ത്രിയുടെ അധ്യക്ഷതയില്‍ ദേശീയപാത അതോറിറ്റിയും സമരസമിതിയും നടത്തിയ സംയുക്ത ചര്‍ച്ചയിലാണ് തീരുമാനം.
കോവളം ഭാഗത്തേയ്ക്ക് 10 കിലോമീറ്ററും ഈഞ്ചയ്ക്കല്‍ ഭാഗത്തേയ്ക്ക് കുമരിച്ചന്ത വരെ ഒരു കിലോമീറ്റര്‍ വരെയുമാണ് യാത്ര ഇളവ് ലഭിക്കുക. നാട്ടുകാര്‍ക്ക് തിരിച്ചറിയല്‍ രേഖ കാണിച്ച് ടോള്‍ ബൂത്തിലൂടെ യാത്ര ചെയ്യാം. പിന്നീട് സ്ഥിരമായ യാത്ര കാര്‍ഡ് അനുവദിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 47 ദിവസമായി തുടര്‍ന്നുവന്ന സമരമാണ് അവസാനിപ്പിച്ചത്. നാളെ മുതല്‍ ടോള്‍ പിരിവ് പുനരാരംഭിക്കും. നാട്ടുകാരുടെ പ്രധാന ആവശ്യങ്ങളായ അപ്രോച്ച് റോഡ് നവീകരണവും വെള്ളക്കെട്ടിന്‍റെ പരിഹാരവും ഉടന്‍ ഉണ്ടാകുമെന്ന് യോഗത്തില്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് ഉറപ്പ് നല്‍കി.
Read more: കഴക്കൂട്ടം - കാരോട് ടോൾ പ്ലാസയിൽ അമിത ടോള്‍; പ്രതിഷേധം ശക്തം