തിരുവനന്തപുരം: നടൻ ഉണ്ണി രാജൻ പി ദേവിന്‍റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്‌ത സംഭവത്തിൽ രണ്ടാം പ്രതി ശാന്ത രാജൻ പി ദേവിന്‍റെ മുൻകൂർ ജാമ്യ അപേക്ഷ തള്ളി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.
പ്രാരംഭ ഘട്ടത്തിൽ തന്നെ ജാമ്യം അനുവദിച്ചാൽ അത് കേസിന്‍റെ ശരിയായ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് പ്രതിയുടെ മുൻകൂർ ജാമ്യ അപേക്ഷ കോടതി തള്ളിയത്. പ്രിയങ്കയുടെ ദേഹത്ത് 15 മുറിവുകളുണ്ടെന്നും പ്രതികളെ ചോദ്യം ചെയ്‌താൽ മാത്രമേ ഇത് സംബന്ധിച്ച് അറിയാന്‍ കഴിയുകയുള്ളൂവെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
Read more: ഭാര്യയുടെ മരണം, ഉണ്ണി പി ദേവിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു
കേസിലെ ഒന്നാം പ്രതി ഉണ്ണി രാജൻ പി ദേവിനെ നേരത്തെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം 23ാം ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ രണ്ടാം പ്രതിയും ഉണ്ണിയുടെ അമ്മയുമായ ശാന്ത ഒളിവിലാണ്.
സ്‌ത്രീധനം കുറഞ്ഞു പോയതിന്‍റെ പേരിൽ പ്രിയങ്കയ്ക്ക് ഭർത്താവ് ഉണ്ണിയിൽ നിന്നും നിരന്തരം പീഡനം ഏൽക്കേണ്ടി വന്നുവെന്നാണ് പ്രിയങ്കയുടെ സഹോദരൻ പൊലീസിന് നൽകിയ പരാതി. 2019 നവംബർ 21 നായിരുന്നു ഇവരുടെ വിവാഹം. 2021 മെയ് 12 നാണ് പ്രിയങ്ക ആത്മഹത്യ ചെയ്യുന്നത്.