കഴക്കൂട്ടം: വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സ്വകാര്യ ആശുപത്രി ജീവനക്കാരൻ യുവതിയുടെ മുഖത്ത് ചായ ഒഴിച്ചതായി പരാതി. മേനംകുളം സ്വദേശിനിയായ രാജിയുടെ മുഖത്താണ് ജീവനക്കാരൻ ചൂടു ചായ ഒഴിച്ചതായി പൊലീസിൽ പരാതി ലഭിച്ചത്. കഴക്കൂട്ടത്തെ എ ജെ ആശുപത്രിയ്ക്ക് മുന്നിൽ ഞായറാഴ്‌ച രാവിലെ അഞ്ച് മണിക്കായിരുന്നു സംഭവം.
ആശുപത്രി കാന്‍റീനിൽ ചായ കുടിക്കാനെത്തിയ രാജിയും അമ്മയും സ്‌കൂട്ടർ പാർക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ പറ്റില്ലെന്ന് ആശുപത്രിയിലെ സെക്യൂരിറ്റി പറഞ്ഞതോടെയാണ് തർക്കം ആരംഭിച്ചത്. താൻ വാഹനം പാർക്ക് ചെയ്യാനല്ല ചായ കുടിക്കാനാണ് എത്തിയതെന്ന് യുവതി പറഞ്ഞു. തുടർന്ന് ആശുപത്രിയിലെ സെക്യൂരിറ്റിയും ജീവനക്കാരനും തന്നെയും അമ്മയെയും അസഭ്യം വിളിച്ചെന്നും സംസാരത്തിനിടെ ജീവനക്കാരൻ ചായ മുഖത്തേക്കൊഴിച്ചെന്നും യുവതി കഴക്കൂട്ടം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
എന്നാൽ വാഹനം പാർക്ക് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ ജീവനക്കാരന്‍റെ കൈയിലിരുന്ന ചായ അബദ്ധത്തിൽ വീണതാണെന്നും യുവതിയും അമ്മയും ചേർന്ന് സെക്യൂരിറ്റിയേയും ജീവനക്കാരനെയും കൈയേറ്റം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇരു കൂട്ടരുടെയും പരാതിയിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു.
READ MORE: മീഡിയ വണ്‍ ചാനലിന്‍റെ സംപ്രേക്ഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു