തിരുവനന്തപുരം: ഇത്തവണത്തെ സന്തോഷ് ട്രോഫി മത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി കായിക മന്ത്രി വി അബ്ദുറഹ്മാൻ. ഏപ്രിൽ 16 മുതൽ മലപ്പുറത്താണ് ടൂർണമെന്‍റ് ആരംഭിക്കുക. 17 ദിവസം നീളുന്ന ചാമ്പ്യൻഷിപ്പിൽ കേരളം ഉൾപ്പെടെ 10 ടീമുകളാണ് പങ്കെടുക്കുക. മഞ്ചേരി പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ.
ഏപ്രിൽ 16ന് ഉദ്ഘാടന ദിവസം രാവിലെ കോട്ടപ്പടി സ്റ്റേഡിയത്തിൽ ബംഗാളും പഞ്ചാബും തമ്മിലാണ് ടൂർണമെൻ്റിലെ ആദ്യമത്സരം. രാത്രി എട്ടുമണിക്ക് പയ്യനാട് സ്റ്റേഡിയത്തിൽ കേരളം രാജസ്ഥാനെ നേരിടും. ആകെ 23 മത്സരങ്ങൾ ഉണ്ടാകും. പകൽ മത്സരങ്ങൾ കോട്ടപ്പടി സ്റ്റേഡിയത്തിലും രാത്രി മത്സരങ്ങൾ പയ്യനാട് സ്റ്റേഡിയത്തിലും നടക്കും.
കേരളത്തിൻ്റെ മത്സരങ്ങൾ പയ്യനാട് ആണ് നടക്കുക. സെമിയും ഫൈനലും ഇവിടെയാണ്. ഏപ്രിൽ 25ന് ഗ്രൂപ്പ് മത്സരങ്ങൾ അവസാനിക്കും. 28, 29 തീയതികളിലാണ് സെമി ഫൈനലുകൾ. മെയ് രണ്ട് രാത്രി 8 മണിക്കാണ് ഫൈനൽ.
എ ഗ്രൂപ്പിലാണ് കേരളം. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ടീമിന് ആകെ നാല് മത്സരങ്ങൾ ഉണ്ടാവും. ഗ്രൂപ്പിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സെമി ഫൈനലിൽ എത്തും. ഈ മത്സരങ്ങളിലെ വിജയികൾ ഫൈനലിൽ ഏറ്റുമുട്ടും.
ALSO READ: Santhosh Trophy | 75-ാം സന്തോഷ് ട്രോഫി ഏപ്രിൽ 16 മുതൽ
ഒരുക്കങ്ങൾ പൂർണം: പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങളുടെ നവീകരണം പൂർത്തിയാക്കി. രണ്ടു സ്റ്റേഡിയങ്ങളിലും ഇൻ്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ ടിക്കറ്റിങ് പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്.
മഞ്ചേരിയിലെ 6 കൗണ്ടറുകളും കോട്ടപ്പടിയിലെ രണ്ട് കൗണ്ടറുകളും വഴി ടിക്കറ്റ് നേരിട്ടു വാങ്ങാം. സീസൺ ടിക്കറ്റുകൾ തെരഞ്ഞെടുത്ത സഹകരണ ബാങ്ക് വഴി വിൽപ്പന നടത്തും.
കായികനയം: സംസ്ഥാന കായിക നയത്തിൻ്റെ കരടു തയ്യാറായതായി മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. അടുത്ത മാസം കായികനയം പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.