തിരുവനന്തപുരം: വോട്ടിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തും ചെയ്യുമെന്ന് പ്രശാന്ത് ഭൂഷൺ. പോപ്പിനൊപ്പം നിൽക്കുമ്പോൾ പോപ്പിനേക്കാൾ വിശുദ്ധനാവും, ബംഗാൾ തെരഞ്ഞെടുപ്പ് സമയത്ത് ടാഗോറിനെപ്പോലെ താടി വളർത്തും, മുസ്ലീം വോട്ടുകൾക്കു വേണ്ടി അയത്തുള്ള ഖൊമൈനിയെ ആലിംഗനം ചെയ്യും, പ്രശാന്ത് ഭൂഷൺ പരിഹസിച്ചു.
കെ റെയിലിന് എതിരെയും പ്രശാന്ത് ഭൂഷൺ
കെ റെയിൽ പദ്ധതി കേരളത്തിന് ഗുണകരമല്ല. സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹ്യ ദുരന്തമാകും പദ്ധതിയിലൂടെ സംഭവിക്കുക. പ്രളയം പോലെയുള്ള പാരിസ്ഥിതിക ആഘാതങ്ങൾ നേരിടുന്ന കേരളത്തിന് പദ്ധതി കൂടുതൽ ആഘാതമേൽപ്പിക്കുമെന്നും ഇതിന്‍റെ സാമ്പത്തിക ബാധ്യതയും കേരളത്തിന് താങ്ങാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'മത്സ്യത്തൊഴിലാളികളുടെ ജീവിതം തകർക്കുന്ന തീരുമാനം'
വിഴിഞ്ഞം പദ്ധതിയിലെ ഏകപക്ഷീയമായ ധാരണ സംബന്ധിച്ചുള്ള വിജിലൻസ് അന്വേഷണം എങ്ങുമെത്തിയില്ല. അന്താരാഷ്ട്ര തുറമുഖങ്ങളെ താങ്ങാനുള്ള ശേഷി കേരളത്തിനില്ല. മത്സ്യത്തൊഴിലാളികളുടെ ജീവിതവും ജീവനോപാധിയും തകർക്കുന്ന തീരുമാനമാണ് അദാനിക്ക് തുറമുഖ നടത്തിപ്പിന് അനുമതി നൽകിയതിലൂടെ നടപ്പിൽ വരുത്തിയതെന്നും പ്രശാന്ത് ഭൂഷൺ കുറ്റപ്പെടുത്തി.
'കർഷക സമരം ബിജെപിക്ക് തിരിച്ചടി, മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നു'
കർഷക സമരം തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാവും. ഉത്തർ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ അതിന്‍റെ പ്രതിഫലനമുണ്ടാകും. മുഖ്യധാര മാധ്യമങ്ങളെ പരസ്യം നൽകി പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും തങ്ങളുടെ പ്രചാരണത്തിന് ഉപയോഗിക്കുകയും വരുതിക്ക് നിർത്തുകയുമാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്.
ഒപ്പം നിൽക്കാത്ത മാധ്യമ സ്ഥാപനങ്ങളെ റെയ്‌ഡ് നടത്തി ഭയപ്പെടുത്തുകയാണ്. ഇന്ധനവില വർധന പോലെയുള്ള രാഷ്ട്രീയ സാഹചര്യം മുതലെടുക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് കഴിയുന്നില്ലെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.
ALSO READ: പൊലീസിനെ കാഴ്‌ചക്കാരാക്കി തോണികൾ പുഴയിൽ താഴ്ത്തി; കൽപ്പള്ളി കടവിൽ നാടകീയ രംഗങ്ങൾ