തിരുവനന്തപുരം: കേരള സര്‍വകലാശാല മലയാളം മഹാ നിഘണ്ടു എഡിറ്റര്‍ തസ്‌തികയില്‍ നിന്നും ഡോ. പൂര്‍ണിമ മോഹന്‍ രാജിവച്ചു. സ്വമേധയാ ഒഴിയാനുള്ള തീരുമാനത്തിന് സിന്‍ഡിക്കേറ്റ് യോഗം അംഗീകാരം നല്‍കിയതിനെത്തുടർന്നാണ് രാജി. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായ ആര്‍.മോഹനന്‍റെ ഭാര്യയാണ് പൂര്‍ണ്ണിമ മോഹന്‍.
സംസ്‌കൃതം അധ്യാപികയായ പൂര്‍ണിമ മോഹനെ മലയാളം മഹാനിഘണ്ടു എഡിറ്റര്‍ തസ്‌തികയില്‍ നിയമിച്ചത് വിവാദമായിരുന്നു. നിയമനത്തിന് ആവശ്യമായ യോഗ്യതയില്ലെന്നായിരുന്നു ആരോപണമുയര്‍ന്നത്. 2020 ഡിസംബര്‍ 29ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം വിസിയുടെ നിര്‍ദ്ദേശ പ്രകാരം പ്രത്യേക അജണ്ടയായി ഉള്‍പ്പെടുത്തിയാണ് നിയമനം തീരുമാനിച്ചത്.
ALSO READ: വഖഫ് നിയമനം; മുസ്ലീം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
മലയാള ഭാഷയില്‍ പ്രാവീണ്യവും മലയാളത്തില്‍ ഡോക്‌ടറേറ്റും അധ്യാപന പരിചയവുമായിരുന്നു ചട്ട പ്രകാരം പദവിവിയിലേക്കുള്ള യോഗ്യത. എന്നാല്‍ വിജ്ഞാപനത്തില്‍ സംസ്‌കൃതം ഗവേഷണ ബിരുദവും തിരുകി കയറ്റിയാണ് പൂര്‍ണിമക്ക് നിയമനം നല്‍കിയത്.
പൂര്‍ണിമയുടെ നിയമനം സംബന്ധിച്ച് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റിയും ഒരു സെനറ്റ് അംഗവും ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി സര്‍വകലാശാല ചാന്‍സിലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ പരിഗണനയിലിരിക്കെയാണ് രാജി.