തിരുവനന്തപുരം : പാലക്കാട് കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രകോപനപരമായ സന്ദേശം പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി അനില്‍കാന്ത്. മതമൈത്രി തകര്‍ക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ അതിനെതിരെ പ്രത്യേകം നടപടികള്‍ എടുക്കും. വാട്ട്‌സ് അപ്പ് ഗ്രൂപ്പുകളിലൂടെ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ അഡ്‌മിനുകള്‍ക്കെതിരെയും നടപടിയുണ്ടാകും.
പാലക്കാട്ടെ കൊലപാതകങ്ങൾ പ്രത്യേക സംഘങ്ങള്‍ അന്വേഷിക്കുമെന്നും ഡിജിപി അറിയിച്ചു. ജില്ലയിലെത്തിയ എഡിജിപി വിജയ് സാഖറെ ഇവിടെ ക്യാമ്പ് ചെയ്‌ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ മേല്‍നോട്ടം വഹിക്കും.
രണ്ട് കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തില്‍ കൂടുതല്‍ അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കര്‍ശന സുരക്ഷയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അക്രമ സംഭവങ്ങള്‍ തുടരാതിരിക്കാന്‍ കരുതല്‍ അറസ്റ്റ് ഉള്‍പ്പടെയുണ്ടാകുമെന്നും ഡിജിപി അറിയിച്ചു.