തിരുവനന്തപുരം: പ്രശസ്ത കവിയും ഭാഷ പണ്ഡിതനുമായ ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ (91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. മലയാള സാഹിത്യത്തിന് പുതിയ ദിശാബോധം നല്‍കിയവരില്‍ പ്രമുഖനായ പുതുശ്ശേരി രാമചന്ദ്രന്‍ വിപ്ലവ സാഹിത്യത്തിന്‍റെ മുന്നണി പോരാളികളില്‍ ഒരാളാണ്. 1928 ല്‍ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കില്‍ വള്ളിക്കുന്നത്ത് പോക്കാട്ട് ദാമോദരന്‍ പിള്ളയുടെയും പുതുശ്ശേരില്‍ ജാനകിയമ്മയുടെയും മകനായി ജനനം. വിദ്യാര്‍ഥിയായിരിക്കെ ക്വിറ്റ് ഇന്ത്യ സമരത്തിലൂടെ രാഷ്ട്രീയത്തിലേക്ക്.
തിരുവിതാംകൂര്‍ വിദ്യാര്‍ഥി കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് സ്‌കൂളില്‍ നിന്ന് പുറത്താക്കി. പിന്നീട് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അതേ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് എത്തി. 1954 ലെ ശൂരനാട് വിപ്ലവത്തെ തുടര്‍ന്ന് മുന്‍നിര നേതാക്കള്‍ ജയിലില്‍ പോയപ്പോള്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ചു.
1948 ല്‍ ഇരുപതാം വയസില്‍ ആദ്യ കവിതാസമാഹാരം ഗ്രാമീണ ഗായകന്‍ പ്രകാശനം ചെയ്തു. മലയാള സാഹിത്യത്തിന്‍റെ മുന്‍നിരക്കാരില്‍ ഒരാളായി ഉയര്‍ന്ന പുതുശ്ശേരി രാമചന്ദ്രന്‍ മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷ പദവി നേടിക്കൊടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. എസ്.എന്‍ കോളജുകളില്‍ അധ്യാപകനായിരുന്ന അദ്ദേഹം കേരള സര്‍വ്വകലാശാല മലയാള വിഭാഗത്തില്‍ പ്രൊഫസറായി വിരമിച്ചു.
1977 ല്‍ നടന്ന ഒന്നാം ലോകമലയാള സമ്മേളനത്തിന്‍റെ പ്രധാന ശില്‍പ്പിയും സംഘാടകനും പുതുശ്ശേരി രാമചന്ദ്രന്‍ ആയിരുന്നു. ഗ്രാമീണ ഗായകന്‍, ആവുന്നത്ര ഉച്ചത്തില്‍, ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടില്‍ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകള്‍, പുതുശ്ശേരി കവിതകള്‍ എന്നിവയാണ് പ്രധാന കൃതികള്‍. എഴുത്തച്ഛന്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.