തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷ സ്റ്റേ ചെയ്‌ത സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയാണ് തിങ്കളാഴ്‌ച തുടങ്ങാനിരുന്ന പ്ലസ് വൺ പരീക്ഷ ഒരാഴ്‌ചത്തേക്ക് സുപ്രീംകോടതി സ്റ്റേ ചെയ്‌തത്.
സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ഉയർന്നു കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ കോടതി പരീക്ഷകൾ നടത്തുമ്പോൾ കേരള സർക്കാർ ഇക്കാര്യം പരിഗണിച്ചിരുന്നോ എന്ന് ചോദിച്ചു. സർക്കാരിൽ നിന്നും തൃപ്‌തികരമായ മറുപടി ലഭിക്കാത്തതിനാലാണ് ഹർജി പരിഗണിക്കുന്നത് വരെ പരീക്ഷ നടത്താതിരിക്കാൻ ഇടക്കാല സ്റ്റേ അനുവദിച്ചത്.
പ്ലസ് വൺ പരീക്ഷയ്ക്ക് ഒരാഴ്‌ചത്തേക്ക് സ്റ്റേ
കേരളത്തിലെ പ്ലസ് വൺ പരീക്ഷ ഓഫ്‍ലൈനായി നടത്തുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്‌തിരുന്നു. ഒരാഴ്‌ചത്തേക്കാണ് പരീക്ഷ നടത്തിപ്പിനുള്ള സ്റ്റേ. ഈ ഒരാഴ്‌ചക്കുള്ളിൽ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിർദേശങ്ങൾ നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
കേരളത്തിൽ ടിപിആർ നിരക്ക് 15 ശതമാനത്തിൽ കൂടതലാണെന്നും രാജ്യത്തെ മൊത്തം കൊവിഡ് കേസുകളിൽ അമ്പത് ശതമാനത്തിൽ അധികം കേരളത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് റസൂൽ ഷാ എന്ന അഭിഭാഷകൻ പരീക്ഷക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.
പ്ലസ് വൺ പരീക്ഷ എഴുതുന്ന വിദ്യാർഥികൾ വാക്‌സിൻ സ്വീകരിച്ചവർ അല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മോഡൽ പരീക്ഷ ഓൺലൈൻ ആയാണ് നടത്തിയതെന്നും രണ്ടാമത് ഒരു പരീക്ഷ ആവശ്യമില്ലെന്നുമാണ് റസൂൽ ഷായുടെ ഹർജി. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ALSO READ: വഴങ്ങാതെ ഉമ്മൻ ചാണ്ടിയും രമേശും, അനുനയത്തില്‍ കരുതലോടെ ഹൈക്കമാൻഡ് പക്ഷം