തിരുവനന്തപുരം: ഓണത്തിന് ശേഷം സംസ്ഥാനത്ത് ഭയപ്പെട്ട രീതിയില്‍ കൊവിഡ് വ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ആശ്വാസം നല്‍കുന്നതാണ് ഇത്. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടില്ല.
മുപ്പതിനായിരത്തിനും 35000ത്തിനും ഇടയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ മൂന്ന് ആഴ്‌ചകളിലെ കണക്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ ശതമാനം നല്ല രീതിയില്‍ കുറഞ്ഞു. രോഗികളുടെ എണ്ണം കൂടിയിട്ടും ഗുരുതരാവസ്ഥയില്‍ ആകുന്നവരുടെ എണ്ണം കുറഞ്ഞത് ആരോഗ്യമേഖലയ്ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ്.
വാക്‌സിനേഷൻ നിർബന്ധം
സംസ്ഥാനത്തെ വാക്‌സിനേഷനിലെ മികച്ച നേട്ടമാണ് ഇതിന് സഹായിച്ചത്. വാക്‌സിന്‍ എടുത്തവരില്‍ കൊവിഡ് രോഗബാധയുണ്ടായാല്‍ ഗുരതരാവസ്ഥയും മരണവും കുറയുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗബാധയുണ്ടായാലും ആശങ്ക വേണ്ട. പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും വാക്‌സിന്‍ എടുക്കാത്തവര്‍ വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വാക്‌സിനേഷന്‍ ദേശീയ ശരാശരിയെക്കാള്‍ വളരെ കൂടുതലാണ്. ഇന്ന് വാക്‌സിന് ക്ഷാമം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഞായറാഴ്‌ച 9.57 ലക്ഷം ഡോസ് എത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ വാക്‌സിനേഷന്‍ മുടക്കമില്ലാതെ വേഗത്തില്‍ തന്നെ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also read: കൊവിഡ് പ്രതിരോധത്തിന്‍റെ അടുത്ത ഘട്ടം: 'ബി ദ വാരിയര്‍'