തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്‌ടറായി നിയമിച്ചത് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഔദ്യോഗിക പദവികള്‍ നല്‍കേണ്ടതിന്‍റെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഉദ്യോഗസ്ഥർ ഓരോഘട്ടത്തിലും ചുമതല വഹിക്കേണ്ട ചില കാര്യങ്ങളുണ്ടെന്നും അതിന്‍റെ ഭാഗമായാണ് ഇപ്പോഴത്തെ ചുമതലയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊലക്കേസിൽ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഒരു വിട്ടുവീഴ്‌ചയും ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ ശക്‌തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇപ്പോൾ അദ്ദേഹത്തിന് പുതിയ പദവി നൽകിയിട്ടുണ്ട്. ഈ പദവിയിൽ അദ്ദേഹം എങ്ങനെ പ്രവർത്തിക്കുമെന്ന് നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധ്യമം പത്രത്തിനെതിരെ കത്തയച്ച കെ.ടി ജലീലിന്‍റെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. മാധ്യമം പത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയായിരിക്കെ കെ.ടി ജലീല്‍ യു.എ.ഇ കണ്‍സുലേറ്റിന് കത്തയച്ചിട്ടുണ്ടെങ്കിൽ അത് പാടില്ലാത്തതായിരുന്നു.
ഈ വിഷയവുമായി സംബന്ധിച്ച് ജലീലിനെ നേരിട്ട് കണ്ടിട്ടില്ല. അദ്ദേഹത്തെ കാണാന്‍ ഇതുവരെ അവസരം ഉണ്ടായില്ല. മാധ്യമം പ്രതിനിധികള്‍ തന്നെ വന്നു കണ്ടിരുന്നു. ഇക്കാര്യത്തില്‍ ജലീലുമായി സംസാരിച്ച് വേണ്ടത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.