തിരുവനന്തപുരം : 'വിശപ്പുരഹിത കേരളം' എൽഡിഎഫ് സർക്കാറിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും അതിനായി ആരംഭിച്ച ജനകീയ ഹോട്ടലുകൾക്ക് പൊതുസമൂഹത്തിന്‍റെ പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനകീയ ഹോട്ടലുകൾ നൽകുന്ന ഭക്ഷണത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ വന്ന വാർത്തകളുടെ സാഹചര്യത്തിൽ ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പണമില്ലാത്തതുകാരണം വിശപ്പടക്കാൻ പ്രയാസപ്പെടുന്ന മനുഷ്യർക്ക് കൈത്താങ്ങാകുന്ന പദ്ധതിയാണ് ജനകീയ ഹോട്ടലുകൾ. 2020-21 സാമ്പത്തിക വർഷത്തെ പൊതുബജറ്റിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ 1000 ജനകീയ ഹോട്ടലുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായി.
- " class="align-text-top noRightClick twitterSection" data="">
കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഈ പദ്ധതി ദ്രുതഗതിയിൽ പദ്ധതി നടപ്പിലാക്കിയതിനാൽ സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ 1007 ജനകീയ ഹോട്ടലുകൾ ആരംഭിക്കാൻ സാധിച്ചു. എന്നാൽ ഇന്നത് 1095 ഹോട്ടലുകളിൽ എത്തി നിൽക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിനു മുൻപുള്ള സമയം വരെ ഒരു ദിവസം ഏകദേശം 1.50 ലക്ഷം ആളുകളാണ് ഈ ജനകീയ ഭക്ഷണശാലകളിൽ നിന്നും ആഹാരം കഴിച്ചിരുന്നത്. കൂടാതെ 20 രൂപയ്ക്ക് നൽകുന്ന ഉച്ചഭക്ഷണം പണമില്ലാതെ വരുന്നവർക്ക് സൗജന്യമായി നൽകുകയും ചെയ്യുന്നു.
കേരളത്തിലെ ബഹുഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇന്ന് ജനകീയ ഹോട്ടലുകളുണ്ട്. ഈ ബൃഹദ് പദ്ധതി വിജയകരമായി നടപ്പാക്കുക എന്ന അതീവശ്രമകരമായ ദൗത്യം മികച്ച രീതിയിൽ നിർവഹിക്കാൻ രാപ്പകലില്ലാത്ത അധ്വാനത്തിലൂടെ കുടുംബശ്രീ അംഗങ്ങൾക്കും അവർക്ക് പിന്തുണ നൽകുന്ന അയൽക്കൂട്ടങ്ങൾക്കും സാധിച്ചിട്ടുണ്ട്.
ALSO READ : രാഹുലും പ്രിയങ്കയും ലഖിംപുരില്‍ ; കൊല്ലപ്പെട്ട മൂന്ന് കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കും
നിലവിൽ 4885 കുടുംബശ്രീ അംഗങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. വിശപ്പുരഹിത കേരളത്തിനായി അക്ഷീണം പ്രയത്നിക്കുന്ന അവരുടെ നേട്ടങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നു. ഈ പദ്ധതി കൂടുതൽ മികവുറ്റതാക്കാൻ പൊതുസമൂഹത്തിന്‍റെ ആത്‌മാർഥമായ പിന്തുണ അനിവാര്യമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.