തിരുവനന്തപുരം: പേരൂർക്കട ജില്ലാ ആശുപത്രിയിലെ ജീവനക്കാരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികന്‍ ഇവിടെ ചികിത്സയിലായിരുന്നു. തുടര്‍ന്നാണ് പേരൂർക്കട ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുടെ സ്രവം പരിശോധനക്ക് അയച്ചത്. 14 ഡോക്ടർമാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ സ്രവ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ വലിയ ആശങ്കയാണ് ഒഴിഞ്ഞത്.
വൈദികൻ ചികിത്സയിൽ കഴിഞ്ഞ പേരൂർക്കട ജില്ല ആശുപത്രിയിലെ പുരുഷന്മാരുടെ ശസ്ത്രക്രിയ വിഭാഗത്തിലും പുരുഷന്മാരുടെ വാർഡിലും ജോലി ചെയ്തിരുന്നവരാണ് ഈ ആരോഗ്യപ്രവർത്തകർ. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയ സമയത്ത് ഇവിടെ പ്രവേശിപ്പിച്ചിരുന്ന മറ്റു രോഗികളെയും അവരുടെ ബന്ധുക്കളുടെയും സ്രവം ശേഖരിച്ചിട്ടുണ്ട്. ഇതിന്‍റെ പരിശോധനാഫലം കൂടി വരുംദിവസങ്ങളിൽ ലഭിക്കും.
വൈദികനെ ചികിത്സിച്ച മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. വൈദികന് രോഗം സ്വീകരിച്ചതോടെ പേരൂർക്കട ജില്ലാ ആശുപത്രി അടച്ചിട്ടിരിക്കുകയാണ്. ഇവിടെ പ്രവേശിപ്പിച്ചിരുന്ന രോഗികളെ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ജീവനക്കാർക്ക് രോഗമില്ലെന്ന് കണ്ടെത്തിയതോടെ അണുനശീകരണം നടത്തി ആശുപത്രിയുടെ പ്രവർത്തനം വരും ദിവസങ്ങളിൽ പുനരാരംഭിക്കും.