തിരുവനന്തപുരം: അടുത്തടുത്ത രണ്ടു ജില്ലകള്‍ക്കിടയില്‍ ബസ് യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ സീറ്റുകളിലും യാത്രക്കാരെ ഇരുന്ന് യാത്ര ചെയ്യാന്‍ അനുവദിക്കും. ഗുരുവായൂര്‍ ക്ഷേത്രം വിവാഹ ചടങ്ങുകള്‍ക്ക് തുറന്നു നല്‍കും. 50 പേര്‍ക്ക് വിവാഹ ചടങ്ങിന് പ്രവേശനം അനുവദിക്കും. വിവാഹ ഹാളുകളിലും 50 പേര്‍ക്ക് പ്രവേശനം അനുവദിക്കും. വിദ്യാലയങ്ങള്‍ ജൂലൈ കഴിഞ്ഞ ശേഷം തുറന്നാല്‍ മതിയെന്നാണ് തീരുമാനം.
ആള്‍ക്കൂട്ട സാധ്യതയുള്ള ഒരു സംഘം ചേരലും അനുവദിക്കില്ല. പ്രായാധിക്യമുള്ള ആളുകള്‍ സംഘം ചേരുന്നത് റിവേഴ്‌സ് ക്വാറന്‍റൈന്‍ തത്വത്തിന് എതിരാവും. കണ്ടൈന്‍മെന്‍റ് സോണുകളില്‍ ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ തുടരും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും പാസും നിര്‍ബന്ധമാണ്. കാറില്‍ ഡ്രൈവര്‍ക്ക് പുറമേ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാം. ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്കു പുറമേ രണ്ട് യാത്രക്കാരെ അനുവദിക്കും.
സിനിമാ ഷൂട്ടിംഗുകള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്‍ഡോര്‍ ലൊക്കേഷനില്‍ 50 പേരെ അനുവദിക്കും. ചാനലുകളുടെ ഇന്‍ഡോര്‍ ഷൂട്ടിംഗുകള്‍ക്ക് പരാമവധി 25 പേരെ അനുവദിക്കും. അയല്‍ ജില്ലകളില്‍ നിന്ന് ദിനം പ്രതി ജോലിക്കു വന്നു പോകുന്നവര്‍ക്ക് പ്രത്യേക പാസ് നല്‍കും. സംസ്ഥാനത്തിന്‍റെ ഈ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രവുമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.