തിരുവനന്തപുരം: ഇടതുമുന്നണി പരസ്യവാചകത്തിൽ നൽകുന്ന ഉറപ്പു കൊണ്ട് സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാകില്ലെന്ന് പിസി വിഷ്‌ണുനാഥ് എംഎല്‍എ. പീഡന പരാതി ഒതുക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ പരാതിക്കാരിയുടെ പിതാവിനെ വിളിച്ചത് സത്യപ്രതിജ്ഞ ലംഘനമാണെന്ന് എംഎല്‍എ ആരോപിച്ചു. വിഷയത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി വിഷ്‌ണുനാഥ് നോട്ടീസ് നല്‍കി.
സ്ത്രീ സുരക്ഷയ്ക്കായി ഗവർണർ സത്യാഗ്രഹം ഇരിക്കുമ്പോഴാണ് മന്ത്രി തന്നെ ഒരു സ്ത്രീയുടെ കേസ് ഒതുക്കിത്തീർപ്പാക്കാൻ ഇടപെടുന്നത്. ഇരയെ സമാശ്വസിപ്പിക്കാനും നീതി ഉറപ്പാക്കാനും വേണ്ടി വിളിക്കേണ്ട മന്ത്രി വിളിച്ചത് കേസ് ഒതുക്കി തീർക്കാനാണ്. ഇത് സത്യപ്രതിജ്ഞ ലംഘനമാണ്. പൊതുജനത്തിന് ഇക്കാര്യം മനസിലായെങ്കിലും മുഖ്യമന്ത്രിക്ക് മാത്രം ഇത് മനസിലായിട്ടില്ല.
പരാതിക്കാരിയുടെ മൊഴി പോലും എടുക്കാത്തത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണ്. പീഡന പരാതിയെ ഭ്രൂണാവസ്ഥയിൽ തന്നെ ഇല്ലാതാക്കുന്ന ആരാച്ചാരാണ് മന്ത്രി എന്നും വിഷ്‌ണുനാഥ് ആരോപിച്ചു.
Also Read: കിഫ്ബി വഴി കൂടുതൽ പദ്ധതികൾ നടപ്പാക്കാൻ പരിമിതികളുണ്ട്: കെ.എൻ ബാലഗോപാൽ