തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്‍റെ പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ നാടിന്‍റെ മതസൗഹൃദത്തെ തകര്‍ക്കരുതെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി. സച്ചാര്‍,പാലോളി കമ്മിറ്റികളുടെ റിപ്പോര്‍ട്ട് പ്രകാരം നടപ്പാക്കുന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് മുസ്‌ലിം സമുദായത്തിന് അവകാശപ്പെട്ടതാണ്. എന്നാല്‍ സ്‌കോളര്‍ഷിപ്പിന്‍റെ പേരിലുള്ള ചര്‍ച്ചകള്‍ നാടിന്‍റെ സൗഹാര്‍ദം തകര്‍ക്കാന്‍ ഇടയാകരുത്.
മനുഷ്യരെ തമ്മില്‍ ഭിന്നിപ്പിക്കുന്നതരത്തിലേക്ക് കാര്യങ്ങള്‍ പോകരുത്. ഏത് ആനുകൂല്യങ്ങളെക്കാളും വലിയ സമ്പത്ത് നമ്മുടെ മതസൗഹൃദമാണ്. ഈ തിരച്ചറിവില്‍ നിലപാട് സ്വീകരിക്കണമെന്നും പാളയം ഇമാം ബലിപെരുന്നാള്‍ സന്ദേശത്തില്‍ വ്യക്തമാക്കി.
സ്‌ത്രീധനത്തിനെതിരെ പോരാടണം
സ്ത്രീധനത്തിന്‍റെ പേരില്‍ സ്ത്രീകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന കാലമാണ്. സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ല എന്ന് എല്ലാവരും തീരുമാനിക്കണമെന്നും പാളയം ഇമാം പറഞ്ഞു.
ലക്ഷദീപില്‍ സ്വേഛാധിപത്യവും കരിനിയമവും നടപ്പിലാക്കുകയാണ്. ഒരു ജനതയെ അധികാരം ഉപയോഗിച്ച് പിഡിപ്പിക്കുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ അവിടെ നടപ്പിലാക്കുന്ന അന്യായമായ നടപടികള്‍ ചോദ്യം ചെയ്യപ്പെടണമെന്നും ഇമാം വ്യക്തമാക്കി. കൊവിഡിന്‍റെ പശ്ചത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് പാളയം ജുമാ മസ്ജിദില്‍ ബലിപെരുന്നാള്‍ നമസ്‌കാരം നടന്നത്. 40 പേര്‍ക്ക് മാത്രമാണ് പള്ളിക്കുള്ളില്‍ നിസ്‌കാരത്തിന് അനുമതി നല്‍കിയിരുന്നത്.
also read: ബലിപെരുന്നാള്‍ സന്തോഷത്തില്‍ വിശ്വാസികൾ