തിരുവനന്തപുരം: ബോർഡ്-കോർപ്പറേഷനുകൾ പുനഃസംഘടിപ്പിച്ച് സിപിഎം. സംസ്ഥാന സമിതി അംഗവും മുൻ സ്‌പീക്കറുമായ പി ശ്രീരാമകൃഷ്‌ണനെ നോർക്ക വൈസ് ചെയർമാനായി നിയമിക്കും. പി ജയരാജനെ ഖാദി ബോർഡ് വൈസ് ചെയർമാനായി നിയമിക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ഇടതു സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിനെ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്ത് നിയമിക്കാൻ സിപിഎം തീരുമാനിച്ചിരുന്നു. എന്നാൽ ചെറിയാൻ ഫിലിപ്പ് ഈ സ്ഥാനം ഏറ്റെടുക്കാതെ കോൺഗ്രസിലേക്ക് തിരികെ പോയി. കഴിഞ്ഞ പിണറായി സർക്കാരിന്‍റെ കാലത്ത് ഖാദി ബോർഡ് വൈസ് ചെയർപേഴ്‌സണായിരുന്ന ശോഭന ജോർജിനെ ഔഷധി ചെയർപേഴ്‌സണാക്കും.
സിപിഎം വനിത നേതാവ് കെ.കെ ലതികയെ വനിത വികസന കോർപ്പറേഷൻ ചെയർപേഴ്‌സണായി നിയമിക്കാനും സിപിഎം തീരുമാനിച്ചു. നോർക്ക വൈസ് ചെയർമാനായിരുന്ന കെ വരദരാജനെ കെഎസ്‌എഫ്ഇ ചെയർമാൻ സ്ഥാനത്തേക്ക് മാറ്റിയേക്കും. കാലാവധി കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പുനഃസംഘടിപ്പിക്കാനും സിപിഎം തീരുമാനിച്ചു.
Also read: 2018ലെ പ്രളയം; സിഎജി റിപ്പോര്‍ട്ടിനെതിരെ മുന്‍ മന്ത്രി എംഎം മണി