തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്‍റെ നാലാം ദിവസവും പ്രതിപക്ഷ ബഹളം. മന്ത്രി കെടി ജലീലിനെതിരായ മാർക് ദാന വിവാദം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് സ്‌പീക്കര്‍ അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വി.ഡി സതീശന്‍ എം.എല്‍എയാണ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്.
മന്ത്രി കെ.ടി ജലീൽ സർവകലാശാലകളുടെ അക്കാദമിക കാര്യങ്ങളിൽ കൈകടത്താൻ ശ്രമിക്കുന്നതായി വി.ഡി സതീശൻ ആരോപിച്ചു. ഇതിനായി ഇഷ്‌ടക്കാരെ മുഴുവൻ പരീക്ഷ കൺട്രോളർമാരായി നിയമിച്ചുവെന്നും വി.ഡി.സതീശൻ പറഞ്ഞു. വൈസ് ചാൻസലർ ഇല്ലാത്ത സമയങ്ങളിൽ പ്രൊ. വി.സിയുടെ ചുമതല വഹിക്കാമെന്നല്ലാതെ സർവകലാശാലകളുടെ കാര്യത്തിൽ മന്ത്രിക്ക് ഇടപെടാനാകില്ല. പരാതികൾ ലഭിച്ചയുടന്‍ പുനര്‍ മൂല്യ നിര്‍ണയത്തിന് കമ്മിറ്റി ഉണ്ടാക്കാൻ മന്ത്രിക്ക് എന്ത് അധികാരമെന്നും വി.ഡി സതീശൻ ചോദിച്ചു. ഒരു മാർക്ക് ചോദിച്ച് ഒരു കുട്ടി മന്ത്രിയെ കണ്ടപ്പോൾ ഏത് വിഷയത്തിൽ ആര് തോറ്റാലും ഗ്രേസ് മാർക്ക് നൽകാനാണ് മന്ത്രി തീരുമാനിച്ചത്. പൂവ് ചോദിച്ചാൽ പൂങ്കാവനം കൊടുക്കുന്ന മന്ത്രിസഭയാണ് കേരളത്തിലെന്നും വി.ഡി സതീശൻ പരിഹസിച്ചു.
കെ.ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണം തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്ന് കെ ടി ജലീൽ വെല്ലുവിളിച്ചു.
മാർക്കുദാനം കയ്യോടെ പിടിച്ചപ്പോഴാണ് അതു റദ്ദാക്കി മന്ത്രി രക്ഷപെടാൻ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മോഡറേഷൻ കാര്യത്തിൽ സർവകലാശാല സിൻഡിക്കേറ്റാണ് തീരുമാനമെടുത്തതെന്നായിരുന്നു മന്ത്രിയുടെ മറുപടി. ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ആക്ഷേപം ഉള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും ജലീല്‍ പറഞ്ഞു. സർവകലാശാലയുടെ വിശ്വാസ്യത മന്ത്രി നഷ്‌ട്ടപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. ജലീലിനെ പോലെ ഒരാൾ യു ഡി എഫിൽ നിന്ന് പോയത് നന്നായെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി