തിരുവനന്തപുരം : ലോക ആദിവാസി ദിനം സംസ്ഥാന സർക്കാർ ആഘോഷിച്ചത് അട്ടപ്പാടിയില്‍ പുലർച്ചെ പൊലീസിനെ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചെന്ന് പ്രതിപക്ഷം. വാദിയെ പ്രതിയാക്കിയുള്ള പൊലീസ് നടപടി ഭൂമാഫിയയ്ക്ക് വേണ്ടിയെന്നും പ്രതിപക്ഷം ആരോപിച്ചു.
അടിയന്തര പ്രമേയ നോട്ടിസ് നല്‍കി എന്‍ ഷംസുദ്ദീന്‍
അട്ടപ്പാടി ഷോളയൂര്‍ വട്ടലക്കി ഊരില്‍ ഊര് മൂപ്പനും മകനുമെതിരായ പൊലീസ് അതിക്രമം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്നും എൻ ഷംസുദ്ദീനാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്.
ആദിവാസികൾ തമ്മിലുള്ള പ്രശ്‌നത്തിൻ്റെ പേരിൽ പുലർച്ചെ ആറ് മണിക്ക് ഊരിൽ ഇരച്ചുകയറി, കിടക്കപ്പായയിലായിരുന്നവര്‍ക്ക് നേരെ പൊലീസ് അതിക്രമം കാണിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
ചൊറിയ മൂപ്പനേയും മകനായ മുരുകനേയും ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മുരുകൻ്റെ ഭിന്നശേഷിക്കാരനായ മകനെ പൊലീസ് പലവട്ടം മുഖത്തടിക്കുകയും വസ്ത്രം വലിച്ച് കീറുകയും ചെയ്‌തെന്ന് ഷംസുദ്ദീൻ പറഞ്ഞു.
മരം മുറി ബ്രദേഴ്‌സിനും ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ക്കും നേരെ ഉണ്ടാകാത്ത പൊലീസ് നടപടിയാണ് അട്ടപ്പാടിയിൽ നടന്നതെന്നും ഷംസുദ്ദീൻ ആരോപിച്ചു.
സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി
എന്നാല്‍ പൊലീസ് നടപടിയെ ന്യായീകരിച്ച മുഖ്യമന്ത്രി ചൊറിയ മൂപ്പനും മകനും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്നും സംഭവത്തില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റെന്നും മറുപടി നല്‍കി.
പശുവിനെ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കുറുന്താചലം എന്നയാളെ ചൊറിയ മൂപ്പനും മകനായ മുരുകനും ചേര്‍ന്ന് ആക്രമിച്ചു. ഇത് സംബന്ധിച്ച പരാതി പരിശോധിക്കാൻ മുരുകനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ഇയാള്‍ ഹാജരായില്ല.
തുടര്‍ന്ന് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥനായ ഷോളയൂര്‍ പൊലീസ് ഇന്‍സ്‌പെക്‌ടറും സംഘവും വട്ടലക്കി ഊരിലെത്തി. പ്രതികളായ മുരുകനോടും ചൊറിയ മൂപ്പനോടും ജീപ്പില്‍ കയറാന്‍ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു.
ഇവര്‍ പരിസരവാസികളെ വിളിച്ചുകൂട്ടി അറസ്റ്റ് തടസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തു. ഈ സംഭവത്തില്‍ വനിത കോൺസ്‌റ്റബിള്‍ ഉൾപ്പെടെ 8 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി.
തുടര്‍ന്ന് പൊലീസ് ഒന്നും രണ്ടും പ്രതികളെ സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുവന്ന് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഭൂമാഫിയയ്ക്ക് വേണ്ടി നടത്തിയ അതിക്രമം'
എന്നാൽ ഈ മറുപടി തളളിയ പ്രതിപക്ഷം, ആദിവാസികളുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്ന ഭൂമാഫിയകൾക്ക് വേണ്ടിയാണ് ആക്‌ടിവിസ്റ്റായ മുരുകനെതിരെ പൊലീസ് അക്രമം നടത്തിയതെന്ന് ആരോപിച്ചു. ഇവരുടെ പണം വാങ്ങിയാണ് പൊലീസ് പ്രവർത്തിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.
കൊലക്കേസ് പ്രതിയെ പോലും കൊണ്ടുപോകാത്ത രീതിയിൽ കൈവിലങ്ങ് വച്ച് വലിച്ചിഴച്ച് മുരുകനെ ജീപ്പിൽ കയറ്റിയത്. ആദിവാസികളോട് പുലർച്ചെ നടന്ന അക്രമത്തെ ന്യായീകരിക്കുന്നത് വിചിത്രമാണ്. പൊലീസ് എന്ത് എഴുതി കൊടുത്താലും അത് മുഖ്യമന്ത്രി വായിക്കരുത്. തെറ്റ് ചെയ്‌താൽ തെറ്റ് എന്ന് തന്നെ പറയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആദിവാസി ഊരിൽ പ്രതിയെ പിടിക്കാൻ പൊലീസ് എത്തിയ സാഹചര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ സ്‌പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോയി.
Read more: പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി, കൊള്ളരുതായ്‌മകളെ ന്യായീകരിക്കരുതെന്ന് പ്രതിപക്ഷം