തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്‍റെ തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ സര്‍ക്കാര്‍ സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ സംയുക്ത വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കൊവിഡ് പരിശോധന വർധിപ്പിക്കണം. 55 ലക്ഷം കുടുംബങ്ങൾക്ക് അയ്യായിരം രൂപ നേരിട്ട് നൽകണം. മത്സ്യമേഖലക്കും പ്രവാസികളുടെ പുനരധിവാസത്തിനും പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പ്രവാസികളെയും മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെയും തിരികെ എത്തിക്കാൻ നടപടി വേണം. ബാറുകൾ വഴി പാഴ്സലായി മദ്യം വിൽക്കാനുള്ള തീരുമാനത്തിന് പിന്നിൽ അഴിമതിയാണെന്നും നേതാക്കൾ ആരോപിച്ചു. ബിവറേജസ് കോർപറേഷന് ലഭിക്കേണ്ട തുക ബാറുടമകളുമായി സർക്കാർ പങ്കു വയ്‌ക്കുകയാണ്. ഇടപാടിൽ സമഗ്ര അന്വേഷണം വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
മദ്യമേഖല സ്വകാര്യ മേഖലക്ക് സര്‍ക്കാര്‍ അടിയറവ് വയ്ക്കുകയാണ്. കൊവിഡിന്‍റെ മറവിൽ ഭീമമായ അഴിമതിയാണ് നടക്കുന്നത്. ഇതിൽ സമഗ്ര അന്വേഷണം വേണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ചിട്ടില്ല. പരവതാനിക്ക് ഉള്ളിൽ സ്പ്രിംഗ്ലറിനെ മറയ്ക്കാമെന്ന് കരുതേണ്ടന്ന് കെ.പി.സി.സി പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെ മാറ്റി നിർത്തി കൊണ്ടുള്ള പ്രവർത്തനത്തിനാണ് സർക്കാർ ശ്രമമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.