തിരുവനന്തപുരം: വ്യക്തമായ ബദൽ നിർദേശത്തോടെയാണ് കെ-റെയിൽ പദ്ധതിയെ യുഡിഎഫ് എതിർക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യുഡിഎഫ് സർക്കാർ തുടക്കമിട്ട സബർബൻ റെയിൽ പദ്ധതി നടപ്പാക്കാൻ 300 ഏക്കർ ഭൂമിയും പതിനായിരം കോടി രൂപയും മതി. മാറിയ പരിസ്ഥിതിയിൽ സംസ്ഥാനത്തെ തകർക്കുന്ന പദ്ധതി വരികയും ബദൽ സാധ്യതകൾ തേടാതിരിക്കുകയും ചെയ്യുമ്പോൾ ജനങ്ങൾക്കൊപ്പം ചേർന്ന് പ്രതിരോധിക്കുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
സംസ്ഥാനത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്ന കെ-റെയിലിനെതിരെ ഉന്നയിക്കുന്ന എല്ലാ ആക്ഷേപങ്ങൾക്കുമുള്ള പരിഹാരമാണ് സബർബൻ റെയിൽ. വിഎസ് അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്ത് അതിവേഗ റെയിൽ പ്രഖ്യാപിച്ച് ഡിഎംആർസിയെ കൺസൾട്ടൻ്റ് ആയി നിയമിച്ചിരുന്നു. എന്നാൽ അവർ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചത് യുഡിഎഫ് സർക്കാരിൻ്റെ കാലത്താണ്. ഭീമമായ ബാധ്യതയും പദ്ധതിക്കെതിരെ ഉണ്ടായ ജനരോഷവും പരിഗണിച്ചാണ് യുഡിഎഫ് അത് വേണ്ടെന്നു വച്ച് പകരം സബർബൻ റെയിൽ പരിഗണിച്ചത്.
1943 കോടി രൂപയ്ക്ക് ചെങ്ങന്നൂർ വരെയുള്ള 125 കിലോമീറ്റർ ആണ് പൈലറ്റ് പദ്ധതിയായി ആദ്യം ഏറ്റെടുത്തത്. അതിന് 70 ഏക്കർ സ്ഥലം മതി. നിലവിലുള്ള ലൈനുകളിൽ കൂടി മാത്രമാണ് സബർബൻ ഓടുന്നത്. നിലവിലുള്ള സിഗ്നൽ സംവിധാനം മെച്ചപ്പെടുത്തുക, വളവ് നിവർത്തുക, പ്ലാറ്റ്‌ഫോം പുതുക്കിപ്പണിയുക തുടങ്ങിയവയാണ് പ്രധാന ജോലികൾ. പൈലറ്റ് പദ്ധതിക്ക് ശേഷം ഘട്ടംഘട്ടമായി കണ്ണൂർ വരെ പൂർത്തിയാക്കാനായിരുന്നു പരിപാടി.
വൻകിട പദ്ധതികൾക്കോ വികസനത്തിനോ യുഡിഎഫ് എതിരല്ല. അതേസമയം വികസന വിരുദ്ധതയുടെ കുത്തകാവകാശം സിപിഎമ്മിനാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Also Read: ശശി തരൂരിന്‍റെ വീഴ്ച പരിശോധിക്കേണ്ടത് എ.ഐ.സി.സി: തിരുവഞ്ചൂർ രാധാകൃഷ്‌ണൻ